Breaking News

കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിംഗപ്പൂരില്‍ ഗൂഢാലോചനയെന്ന് ഡികെ; മന്ത്രിമാര്‍ക്കെതിരെ 11 എംഎല്‍എമാര്‍ കത്ത് നല്‍കി; നിയമസഭാകക്ഷിയോഗം വിളിച്ച് കോണ്‍ഗ്രസ്

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ രാജ്യത്തിന് പുറത്ത് ഗൂഢാലോചനകള്‍ നടക്കുന്നതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തില്‍ സിംഗപ്പൂരിലാണ് ഇത്തരം ഒരു നീക്കം നടക്കുന്നത്. ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മൈയുമായി കുമാരസ്വാമി സംയുക്ത വാര്‍ത്തസമ്മേളനം നടത്തിയതിന് പിന്നാലെയാണ് ഡികെയുടെ ആരോപണം.

ശിവകുമാറിന്റെ ആരോപണം പുറത്ത് വന്നതിന് പിന്നാലെ കര്‍ണാടകയില്‍ മന്ത്രിമാര്‍ക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രംഗത്തെത്തിയിട്ടുണ്ട്. 11 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചത്.

കലബുറഗി ജില്ലയില്‍നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ ബി.ആര്‍. പാട്ടീലും മറ്റ് 10 പേരുമാണ് സിദ്ധരാമയ്യക്ക് കത്ത് അയച്ചത്. മന്ത്രിമാരുടെ നിസ്സഹകരണം മൂലം ജനാഭിലാഷത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്നായിരുന്നു പരാതി. മന്ത്രിമാരെ ബന്ധപ്പെടണമെങ്കില്‍ ഇടനിലക്കാര്‍ വേണമെന്നും കത്തില്‍ പറയുന്നു. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മന്ത്രിമാര്‍ സഹകരിക്കുന്നില്ലെന്നും കത്തിലുണ്ട്. ബി.ആര്‍. പാട്ടീല്‍ എം.എല്‍.എയുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലാണ് കത്തയച്ചിരിക്കുന്നത്.

ഒരുവിഭാഗം എം.എല്‍.എ.മാര്‍ അതൃപ്തി പ്രകടിപ്പിച്ചമതാടെ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം വിളിച്ചു. നാളെ വൈകീട്ട് ബെംഗളൂരുവിലെ സ്വകാര്യഹോട്ടലിലാണ് യോഗം. ഇടഞ്ഞുനില്‍ക്കുന്ന എം.എല്‍.എ.മാരെ മയപ്പെടുത്താനാണിത്. കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിടാന്‍ ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടക്കുന്നതായി ഡികെ ആരോപിച്ച പശ്ചാത്തലത്തില്‍കൂടിയാണ് അതൃപ്തിയുള്ള എം.എല്‍.എ.മാരെ അനുനയിപ്പിക്കാന്‍ ശ്രമം നടക്കുന്നത്.