പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ബജൗറിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 40ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജംഇയ്യത്തുല്‍ ഉലമായേ ഇസ്ലാം ഫസല്‍ (ജെ.യു.ഐ-എഫ്) സംഘടിപ്പിച്ച യോഗത്തിലാണ് സ്‌ഫോടനം.
ജെ.യു.ഐ-എഫിന്റെ പ്രമുഖ നേതാവ് മൗലാന സിയാഉല്ല ജാന്‍ അടക്കം കൊല്ലപ്പെട്ടതായി ബജൗര്‍ ജില്ലാ എമര്‍ജന്‍സി ഓഫീസര്‍ പറഞ്ഞതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യോഗത്തില്‍ പങ്കെടുക്കാനെത്തിയ നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥലത്തുണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നു വൈകിട്ട് 5.30നായിരുന്നു അപകടം. പരിക്കേറ്റവരില്‍ 17 പേരുടെ നില ഗുരുതരമാണെന്ന് ഖൈബര്‍ പഖ്തുന്‍ഖ്വയുടെ ആരോഗ്യമന്ത്രി റിയാസ് അന്‍വര്‍ അറിയിച്ചു.