Breaking News

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം; 10 ലക്ഷം രൂപ അനുവദിച്ചു

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മാതാപിതാക്കളുടെ സംയുക്ത അക്കൗണ്ടില്‍ തുക കൈമാറും. നേരത്തെ, കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിത ശിശുവികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചിരുന്നു. വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്.

ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അടുത്ത കുടുംബാംഗത്തിന് നല്‍കുന്ന ധനസഹായമാണ് ആശ്വാസനിധി. കഴിഞ്ഞ ദിവസം മന്ത്രി ആലുവയിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം ആശ്വാസനിധി വഴി ധനസഹായം അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. തുടര്‍ന്നാണ് വനിത ശിശുവികസന വകുപ്പ് അടിയന്തര നടപടി സ്വീകരിച്ച് ധനസഹായം അനുവദിച്ച് ഉത്തരവിട്ടത്.

പ്രതിയ്ക്ക് പരമാവധി ശിക്ഷ ലഭിക്കത്തക്കവിധമുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളും അതാണാവശ്യപ്പെട്ടത്. പഴുതുകളടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. അത്യന്തം ദു:ഖകരമായ സംഭവമാണ്. പോക്സോ ബാക്കി കാര്യങ്ങള്‍ പിന്നീട് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.