Breaking News

ഞങ്ങള്‍ വേര്‍പിരിയുന്നു; ഇനിയും അഗാധ സ്‌നേഹത്തില്‍ തുടരും; വിവാഹമോചനം അറിയിച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യയും

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യ സോഫിയും വേര്‍പിരിയുന്നു. വിവാഹമോചനം നേടാന്‍ തീരുമാനിച്ച വിവരം ജസ്റ്റിന്‍ ട്രൂഡോ തന്നെയാണ് അറിയിച്ചിരിക്കുന്നത്. കഠിനവും അര്‍ഥവത്തുമായ സംഭാഷണങ്ങള്‍ക്കൊടുവില്‍ തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചെന്ന കുറിപ്പ് ട്രൂഡോയും സോഫിയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതുവരെ ആയിരുന്നതുപോലെ ഇനിയും അഗാധ സ്‌നേഹത്തിലും ബഹുമാനത്തിലും തുടരുമെന്നും കുട്ടികളെ കരുതി തങ്ങളുടെയും അവരുടെയും സ്വകാര്യത മാനിക്കണമെന്നും പോസ്റ്റില്‍ പറയുന്നു. മുന്‍ ടിവി അവതാരകയും സാമൂഹികപ്രവര്‍ത്തകയുമായ സോഫിയും (48) ജസ്റ്റിന്‍ ട്രൂഡോയും (51) 2005ല്‍ ആണ് വിവാഹിതരായത്.

സോഫിയയും ഞാനും വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുന്നു. പരസ്പര സ്നേഹവും ബഹുമാനവുമുള്ള അടുത്ത കുടുംബമായി ഞങ്ങള്‍ തുടരും. ഇതുവരെ ഒന്നിച്ചു ചെയ്തിരുന്ന കാര്യങ്ങളിലും ഒന്നിച്ച് മുന്നോട്ടുപോകും. മക്കളുടെ നല്ലതിനുവേണ്ടി ഞങ്ങളുടെ സ്വകാര്യത മാനിക്കണം.- ജസ്റ്റിന്‍ ട്രൂഡോ കുറിച്ചു. 18 വര്‍ഷത്തെ ദാമ്പത്യമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. ദമ്പതികള്‍ക്ക് 15, 14, 9 വയസുള്ള മൂന്നു മക്കളുണ്ട്. അടുത്തിടെയായി ഇരുവരും പൊതുവേദികളില്‍ ഒന്നിച്ച് പ്രത്യക്ഷപ്പെടാത്തത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.