Breaking News

മാപ്പ്, ആ പരാമര്‍ശം അറിയാതെ വന്നത്; മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തൊലിനിറം പറഞ്ഞ് അധിക്ഷേപിച്ചതില്‍ മാപ്പ് പറഞ്ഞ് ബിജെപി നേതാവ്

കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ വ്യക്തിപരമായി അധിക്ഷേപിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ബിജെപിയുടെ മുതിര്‍ന്ന നേതാവും കര്‍ണാടക മുന്‍ ആഭ്യന്തരമന്ത്രിയുമായ അരഗ ജ്ഞാനേന്ദ്ര.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തൊലി നിറം സംബന്ധിച്ചാണ് അരഗ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അദേഹത്തിനെതിരെ പൊലീസ് എഫ്‌ഐആര്‍ ഇട്ടിരുന്നു.

മോശം പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ പശ്ചാത്തലത്തിലാണ് അരഗ ജ്ഞാനേന്ദ്ര മാപ്പ് പറഞ്ഞത്. തനിക്ക് ഖാര്‍ഗെയോട് ഏറെ ബഹുമാനമുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വനംമന്ത്രി ഈശ്വര്‍ ഖദ്‌റെയുടെ പ്രസ്താവനയെ വിമര്‍ശിക്കവേ ഖാര്‍ഗെയുടെ പേര് അറിയാതെ വന്നുപോയതാണെന്നും ക്ഷമ ചോദിക്കുന്നുവെന്നും അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.