Breaking News

രാഹുൽ ഗാന്ധിക്ക് ആശ്വാസം; അയോഗ്യത നീങ്ങും, അപകീർത്തി കേസിൽ പരമാവധി ശിക്ഷയ്ക്ക് സ്റ്റേ

അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് ആശ്വാസം. കേസിൽ വിചാരണക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങും. എം പി സ്ഥാനം തിരികെ കിട്ടുമെന്നാണ് റിപ്പോർട്ട്.

കേസിൽ പരമാവധി ശിക്ഷ്ക്ക് സ്റ്റേ നൽകിയാണ് സുപ്രീം കോടതി ഉത്തരവ്. വിചാരണക്കോടതി വിധിയെ സുപ്രീം കോടതി വിമർശിച്ചു. ഹർജിക്കാരന്റെ അവകാശത്തെ മാത്രമല്ല. തെരഞ്ഞെടുത്ത ജനങ്ങളുടെ അവകാശത്തേയും ബാധിച്ചുവെന്ന് കോടതി. അന്തിമ വിധി വരുന്നതുവരെ സ്റ്റേ തുടരും.

രാഹുല്‍ മാപ്പ് പറയാന്‍ തയ്യാറായില്ലെന്നും അഹങ്കാരിയാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു പരാതിക്കാരനായ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി എതിര്‍ സത്യവാങ്മൂലം നല്‍കിയയത്. എന്നാൽ മാപ്പ് പറയില്ലെന്നാണ് രാഹുൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചത്.

2019 ല്‍ കര്‍ണാടകയിലെ കോലാറില്‍ നടന്ന പ്രസംഗത്തിലെ മോദി പ്രയോഗത്തിലാണ് പൂര്‍ണേഷ് മോദി ഗുജറാത്തിലെ സൂറത്തില്‍ രാഹുലിനെതിരെ അപകീര്‍ത്തിക്കേസ് നല്‍കിയത്. മാപ്പ് പറയില്ലെന്നും മാപ്പുപറയാന്‍ താന്‍ സവര്‍ക്കറല്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.

ഗുജറാത്തില്‍ നിന്നുള്ള എംഎല്‍എയായ പൂര്‍ണേഷ് മോദി നല്‍കിയ അപകീര്‍ത്തി കേസില്‍ സൂറത്ത് സെഷന്‍സ് കോടതി രാഹുലിന് രണ്ട് വര്‍ഷത്തേക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ വിധി വന്നതോടെ രാഹുലിനെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കുകയും ചെയ്തു. പിന്നാലെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കാന്‍ തയ്യാറാകാതെ ഹൈക്കോടതി തള്ളി. ഇതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.