Breaking News

മിസ്റ്റര്‍ തമിഴ്‌നാട് വിജയി അരവിന്ദ് ശേഖര്‍ അന്തരിച്ചു; മരണത്തെക്കുറിച്ച് നിരവധി കിംവദന്തികള്‍; പൊട്ടിത്തെറിച്ച് ഭാര്യയും നടിയുമായ ശ്രുതി ഷണ്‍മുഖ പ്രിയ

പ്രമുഖ ബോഡി ബില്‍ഡറും മുന്‍ മിസ്റ്റര്‍ തമിഴ്നാടുമായിരുന്ന അരവിന്ദ് ശേഖര്‍ (30) അന്തരിച്ചു. ഓഗസ്റ്റ് രണ്ടിന് വീട്ടില്‍ വച്ച് ഹൃദയാഘാതമുണ്ടായ അരവിന്ദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തമിഴ് ടിവി താരം ശ്രുതി ഷണ്‍മുഖ പ്രിയയുടെ ഭര്‍ത്താവ് കൂടിയാണ് അരവിന്ദ്. ഭാരതി കണ്ണമ്മ എന്ന പരിപാടിയിലൂടെ ഏറെ ആരാധകരെ നേടിയ അഭിനേത്രിയാണ് ഷണ്‍മുഖ പ്രിയ.

ബോഡ് ബില്‍ഡറും, ഫിറ്റ്‌നെസ് മോഡലും, ഫിറ്റ്‌നെസ് കോച്ചുമായിരുന്ന അരവിന്ദിന് സമൂഹമാധ്യമങ്ങളില്‍ ഏറെ ആരാധകരാണുള്ളത്. ചെറുപ്പക്കാര്‍ മരണത്തിന് കീഴടങ്ങുമ്പോള്‍ പ്രത്യേകിച്ച് ആരോഗ്യകാര്യങ്ങളിലും ഫിറ്റ്‌നസിലുമെല്ലാം ശ്രദ്ധ നല്‍കുന്ന ചെറുപ്പക്കാരുടെ അകാല മരണം വലിയ ചര്‍ച്ചകളാവാറുമുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു താര ദമ്പതികള്‍ അടുത്തിടെയാണ് വിവാഹ വാര്‍ഷികം ആഘോഷിച്ചത്.

പേരെടുത്ത വെയ്റ്റ് ലോസ് കോച്ച് കൂടിയായിരുന്ന അരവിന്ദ് ശരീരഭാരം നിയന്ത്രിക്കുന്നതിനെപ്പറ്റി ഓണ്‍ലൈനില്‍ നടത്തിയിരുന്ന ക്ലാസുകള്‍ക്ക് ഏറെ കാഴ്ചക്കാരുണ്ടായിരുന്നു. പല പ്രമുഖരും അരവിന്ദിന്റെ ക്ലാസുകളില്‍ പങ്കെടുത്തിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പതിനാറായിരത്തോളം പേരാണ് അരവിന്ദിനെ പിന്തുടരുന്നത്.

2022ലെ മിസ്റ്റര്‍ തമിഴ്‌നാട് പട്ടം നേടിയ ഫിറ്റ്‌നെസില്‍ ഏറെ ശ്രദ്ധ പുലര്‍ത്തിയിരുന്ന അരവിന്ദിന്റെ മരണത്തെക്കുറിച്ച് നിരവധി കിംവദന്തികള്‍ പ്രചരിക്കുന്നതിനെതിരെ നടി ഇന്നലെ രംഗത്തെത്തിയിരുന്നു. തന്റെ ഇന്‍സ്റ്റാഗ്രം പോസ്റ്റിലൂടെയാണ് ശ്രുതി പ്രതികരിച്ചത്. അരവിന്ദ് മരിച്ചത് ഹൃദയാഘാതം വന്നാണെന്നും ആവശ്യമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അവര്‍ വ്യക്തമാക്കി. വര്‍ഷങ്ങളായി ഡേറ്റിങ്ങിലായിരുന്ന ഇരുവരും കഴിഞ്ഞ വര്‍ഷം മേയിലാണു വിവാഹിതരായത്.