Breaking News

അരുണിനെ സ്വന്തമാക്കാന്‍ വാശി, വര്‍ഷങ്ങളായുള്ള ബന്ധം; വായുകുത്തിവെച്ചത് സ്‌നേഹയെ കൊല്ലാന്‍ വേണ്ടി, അനുഷയുടേത് കഥയല്ലിത് ജീവിതം തിരക്കഥ

പ്രസവിച്ചു കിടന്ന യുവതിയെ നഴ്‌സിന്റെ വേഷത്തില്‍ എത്തി കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. സ്‌നേഹയുടെ ഭര്‍ത്താവ് അരുണിനൊപ്പം ജീവിക്കുന്നതിനു വേണ്ടിയാണു കുറ്റകൃത്യം ചെയ്യാന്‍ ശ്രമിച്ചതെന്ന് പ്രതിയായ അനുഷ സമ്മതിച്ചു. സ്‌നേഹയുടെ ശരീരത്തില്‍ മൂന്നുതവണ വായു കുത്തിവയ്ക്കാന്‍ ശ്രമിച്ചുവെന്ന് കണ്ടെത്തി. അനുഷയും അരുണും തമ്മിലുള്ള വാട്‌സാപ് സന്ദേശങ്ങളും പൊലീസിനു ലഭിച്ചു. ഇതോടെയാണ് കൃത്യമാ ആസൂത്രണത്തിലൂടെയാണ് പ്രതി കൃത്യത്തിന് എത്തിയതെന്ന് തെളിഞ്ഞത്.

അരുണിന്റെ സഹപാഠിയുടെ സഹോദരിയാണ് അനുഷ. രണ്ടുതവണ വിവാഹിതയായ ഇവര്‍ അരുണുമായി അടുപ്പത്തിലായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് അരുണിന്റെ പങ്ക് പൊലീസ് അന്വേഷിച്ചു വരികയാണ്. സ്‌നേഹയുടെ ഭര്‍ത്താവ് അരുണിനെ ഇന്ന് ഉന്നത ഉദ്യോഗസ്ഥരുെട സാന്നിധ്യത്തില്‍ പൊലീസ് ചോദ്യം ചെയ്യും.

വൈകിട്ട് മൂന്നുമണിയോടെ നഴ്‌സിന്റെ ഓവര്‍കോട്ട് ധരിച്ച യുവതി മുറിയിലെത്തി കുത്തിവയ്‌പ്പെടുക്കാന്‍ നിര്‍ബന്ധിച്ചു. ഡിസ്ചാര്‍ജ് ചെയ്തതിനാല്‍ ഇനി എന്തിനാണ് കുത്തിവയ്‌പ്പെന്ന് മാതാവ് ചോദിച്ചു. ഒരു കുത്തിവയ്പ് കൂടിയുണ്ടെന്ന് പറഞ്ഞ് സ്‌നേഹയുടെ കയ്യില്‍ ബലമായി പിടിച്ച് സിറിഞ്ച് കുത്താന്‍ ശ്രമിച്ചു.

സിറിഞ്ചില്‍ മരുന്ന് ഉണ്ടായിരുന്നില്ല. മാതാവ് ബഹളം വച്ചതോടെ ആശുപത്രി ജീവനക്കാരെത്തി യുവതിയെ പിടിച്ചുമാറ്റി തടഞ്ഞുവച്ചു. പൊലീസെത്തി കസ്റ്റഡിയിലെടുത്തു. അനുഷ ഫാര്‍മസി പഠനം പൂര്‍ത്തിയാക്കിയ ആളാണ്. ഞരമ്പിലൂടെ വായു കടത്തിവിട്ടാല്‍ മരണം സംഭവിക്കാമെന്നു തെറ്റിദ്ധരിച്ചാണ് കാലിയായ സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.

അരുണിനെ തനിക്ക് സ്വന്തമാക്കാനുള്ള ആഗ്രഹത്തെത്തുടര്‍ന്നാണ് സ്നേഹയെ വായുകുത്തിവെച്ച് കൊല്ലാന്‍ശ്രമിച്ചതെന്നാണ് പ്രതി സമ്മതിച്ചിട്ടുണ്ട്. ഫാര്‍മസി കോഴ്സ് പൂര്‍ത്തിയാക്കിയ അനുഷ നേരത്തെ മാവേലിക്കരയിലെ ഒരു ആശുപത്രിയില്‍ ആറുമാസത്തെ പരിശീലനം നേടിയിരുന്നു. തുടര്‍ന്ന് ടിവി സീരിയലുകളില്‍ നിന്നും ഒരു പ്രമുഖ ചാനലിലെ പ്രത്യക പരിപാടിയും കണ്ടാണ് ഇങ്ങനെ ഒരു ആസൂത്രണത്തിന് അനുഷ ശ്രമിച്ചത്.

നഴ്സിന്റെ വേഷം ധരിച്ചാണ് അനുഷ ആശുപത്രിയിലെത്തിയത്. നഴ്സുമാര്‍ ധരിക്കുന്ന കോട്ടിന് പുറമേ ആരും തിരിച്ചറിയാത്തരീതിയില്‍ മുഖത്ത് മാസ്‌ക് ധരിച്ചിരുന്നു. മറ്റൊരു തുണി ഉപയോഗിച്ച് തല മറയ്ക്കുകയും ചെയ്തു. കൃത്യം നടത്താനായി സിറിഞ്ച് വാങ്ങിയത് മാവേലിക്കരയിലെ സ്ഥാപനത്തില്‍നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നഴ്സിങ് കോട്ട് കായംകുളത്തുനിന്നും വാങ്ങി. വ്യക്തമായ ആസൂത്രണം നടത്തിയാണ് പ്രതി യുവതിയെ കൊലപ്പെടുത്താന്‍ ആശുപത്രിയില്‍ എത്തിയതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.

ആശുപത്രിയില്‍ സ്നേഹ താമസിച്ചിരുന്ന മുറിയുടെ വിവരങ്ങള്‍ അനുഷയ്ക്ക് ലഭിച്ചത് ഭര്‍ത്താവായ രുണില്‍നിന്നാണെന്ന് കണ്ടെത്തി. സ്നേഹയുടെ മുറിയും മറ്റുവിവരങ്ങളും പ്രതിക്ക് കൈമാറിയത് അരുണ്‍ ആയിരുന്നു. എന്നാല്‍, കുഞ്ഞിനെ കാണാന്‍ ആശുപത്രിയില്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ സുഹൃത്തിന് വിവരങ്ങള്‍ കൈമാറിയതാണെന്നായിരുന്നു ഇതുസംബന്ധിച്ച് അരുണ്‍ നല്‍കി മൊഴി.

ഒരുവര്‍ഷം മുന്‍പാണ് അനുഷയുടെ രണ്ടാംവിവാഹം കഴിഞ്ഞത്. ആദ്യവിവാബബന്ധം വേര്‍പ്പെടുത്തിയശേഷം സ്‌കൂള്‍കാലത്ത് ഒരുമിച്ച് പഠിച്ചയാളെയാണ് അനുഷ രണ്ടാമത് വിവാഹം കഴിച്ചത്. നിലവിലെ ഭര്‍ത്താവ് വിദേശത്താണ്. അനുഷയുടെ വിവാഹചടങ്ങില്‍ സ്നേഹയും സഹോദരനും പങ്കെടുത്തിരുന്നു. ഈ സമയം അരുണ്‍ വിദേശത്തായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

അതേസമയം, അറസ്റ്റിലായ അനുഷ വാട്സാപ്പ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തതായി കണ്ടെത്തി. അനുഷയുടെ വാട്സാപ്പ് അക്കൗണ്ടിലെ സന്ദേശങ്ങളെല്ലാം ക്ലിയര്‍ചാറ്റ് ചെയ്തെന്നാണ് പോലീസ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. യുവതിയുടെ മൊബൈല്‍ഫോണ്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു.