Breaking News

മിത്തില്‍ ശാസ്ത്രമുണ്ടോയെന്ന് പരിശോധിക്കേണ്ടത് ദേവസ്വം മന്ത്രിയുടെ ഉത്തരവാദിത്തമല്ല; വിശ്വാസത്തെ വ്രണപ്പെടുത്താന്‍ സര്‍ക്കാരിന് ആഗ്രഹമില്ലെന്ന് കെ രാധാകൃഷ്ണന്‍

മിത്തില്‍ ശാസ്ത്രമുണ്ടോയെന്ന് പരിശോധിക്കേണ്ടത് ദേവസ്വം മന്ത്രിയുടെ ഉത്തരവാദിത്തമല്ലെന്ന് കെ രാധാകൃഷ്ണന്‍. ആരുടെയും വിശ്വാസത്തെ വ്രണപ്പെടുത്താന്‍ സര്‍ക്കാരിന് ആഗ്രഹമില്ലന്നും അദേഹം പറഞ്ഞു.

ഭക്തരുടെ സംഭാവനയും വഴിപാടും ഒക്കെയാണ് ദേവസ്വം വരുമാനം. ഇതില്‍നിന്ന് സര്‍ക്കാര്‍ ഒന്നും എടുക്കുന്നില്ല. മറിച്ച് ക്ഷേത്രങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പണം ചെലവിടുകയാണ് ചെയ്യുന്നത്.

കോവിഡ് കാലത്ത് ക്ഷേത്രങ്ങള്‍ക്കും ജീവനക്കാര്‍ക്കും കാര്യമായ സഹായം ദേവസ്വം ബോര്‍ഡ് നല്‍കി. ക്ഷേത്രത്തില്‍ എത്തുന്ന വിശ്വാസികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍. എല്ലാ കമ്യുണിസ്റ്റ് ഇടതുപക്ഷ സര്‍ക്കാരുകളും വിശ്വാസികളെ മാനിക്കുകയും സഹായിക്കുകയുമാണ് ചെയ്തിട്ടുള്ളതെന്നുഗ അദേഹം പറഞ്ഞു.

എന്നാല്‍, കേരളത്തില്‍ സംഘപരിവാര്‍ അവരുടെ അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അതിനുള്ള അവസരമായി കാണണമെന്നാണ് ബിജെപി പ്രസിഡന്റ് പറഞ്ഞത്. ഇതില്‍ നിന്ന് തന്നെ അവരുടെ അജണ്ട വ്യക്തമാണ്. കേരളത്തില്‍ സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നത്.

സ്പീക്കറുടെ പേര് ഗോഡ്‌സേ എന്നായിരുന്നെങ്കില്‍ കെ സുരേന്ദ്രന്‍ കെട്ടിപ്പിടിച്ച് മുദ്രാവാക്യം വിളിച്ചേനെ. ഷംസീര്‍ മത നിരപേക്ഷതയ്ക്ക് വേണ്ടി നിലകൊളളുന്നയാളാണ്. എ കെ ബാലനോടുള്ള പരിഹാസം ജന്മിത്വ കാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്നും റിയാസ് പറഞ്ഞു.