Breaking News

ഗണപതി ക്ഷേത്ര നവീകരണത്തിന് ഫണ്ട് അനുവദിച്ച് സർക്കാർ; 64 ലക്ഷം രൂപ അനുവദിച്ചത് സ്പീക്കറുടെ മണ്ഡലത്തിൽ

സ്പീക്കർ എ എൻ ഷംസീറിന്റെ ഗണപതി പരാമർശം വിവാദമായ പശ്ചാത്തലത്തിൽ പ്രതിരോധത്തോടൊപ്പം മറുമരുന്നുമായി സംസ്ഥാന സർക്കാർ. ഗണപതി ക്ഷേത്രത്തിലെ നവീകരണപ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ചാണ് സർക്കാർ പരിഹാരം കണ്ടെത്തിയത്. കോടിയേരി കാരാൽതെരുവ് ഗണപതി ക്ഷേത്ര നവീകരണത്തിന് 64 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്.

സ്പീക്കർ എ എൻ ഷംസീറിന്‍റെ മണ്ഡലമായ തലശ്ശേരിയിലാണ് ഗണപതി ക്ഷേത്രക്കുള നവീകരണത്തിന് ഭരണാനുമതി. സ്പീക്കർ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. അടുത്ത മാസം നിർമാണം തുടങ്ങുമെന്ന് ക്ഷേത്ര വിഡിയോ പോസ്റ്റ് ചെയ്ത് സ്പീക്കർ അറിയിച്ചു.

ഗണപതി പരാമർശവും, മിത്ത് വിവാദവുമെല്ലാം കത്തി നിൽക്കുന്ന സാഹചര്യത്തിലാണ് സ്പീക്കറുടെ മണ്ഡലത്തിൽ ഗണപതി ക്ഷേത്ര നവീകരണത്തിന് ഭരണാനുമതി.

ഷംസീറിന്റെ ഫേസ്ബുക്ക് കുറിപ്പിങ്ങനെ…

” തലശ്ശേരി കോടിയേരിയിലെ ഏറെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് കാരാൽതെരുവിൽ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രം. ഈ ക്ഷേത്രത്തോട് ചേർന്നുള്ള ക്ഷേത്രകുളത്തിന്റെ നവീകരണത്തിനായി 64 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് ഭരണാനുമതിയായി. പഴമയുടെ പ്രൗഡി നിലനിർത്തികൊണ്ട് കുളം ഏറെ മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്ത മാസം ആവുമ്പോഴേക്കും ക്ഷേത്രകുളം നവീകരണ പ്രവൃത്തികൾ ആരംഭിക്കുവാൻ സാധിക്കും…”