Breaking News

വിദ്യാര്‍ത്ഥികള്‍ രണ്ടാംതരം പൗരന്‍മാരല്ല; ബസ് കണ്‍സെഷനില്‍ വിദ്യാര്‍ഥികളോട് വിവേചനം വേണ്ട; താക്കീതുമായി ഹൈക്കോടതി

ബസ് കണ്‍സെഷനില്‍ വിദ്യാര്‍ഥികളോട് വിവേചനം വേണ്ടെന്ന് ഹൈക്കോടതി. ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്ന മറ്റുയാത്രക്കാരെ പോലെ വിദ്യാര്‍ത്ഥികളോടും പെരുമാറണം. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് ഉയര്‍ത്താന്‍ ബസുടമകള്‍ സര്‍ക്കാരിനെയും ഗതാഗതവകുപ്പിനെയുമാണ് സമീപിക്കേണ്ടതെന്നും വിദ്യാര്‍ഥികളോട് വിവേചനപരമായി പെരുമാറരുതെന്നും കോടതി വ്യക്തമാക്കി.

വിദ്യാര്‍ഥികളെ ബസില്‍ കയറ്റാത്തതിനാല്‍ മൂന്ന് സ്വകാര്യ ബസ് കണ്ടക്ടര്‍മാര്‍ക്കെതിരെ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലുള്ള കേസുകളും കുറ്റപത്രങ്ങളും റദ്ദാക്കിയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ബസില്‍ കയറ്റാത്തതിനെച്ചൊല്ലി വിദ്യാര്‍ഥികളും ജീവനക്കാരും തമ്മിലെ തര്‍ക്കം ക്രമസമാധാനപ്രശ്നമാകരുതെന്നും ഇതുറപ്പുവരുത്താന്‍ സംസ്ഥാന പൊലീസ് മേധാവി നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ ഉത്തരവിട്ടു.

വിദ്യാര്‍ഥികളെ ബസില്‍ കയറ്റിയില്ലെന്ന കേസിനെതിരെ തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശി സിറാജ്, കോതമംഗലം തൃക്കാരിയൂര്‍ സ്വദേശി ജോസഫ് ജോണ്‍, വൈക്കം തലയാഴം സ്വദേശി വി പി ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.