Breaking News

നാമജപഘോഷയാത്രക്കെതിരായ കേസ് പിന്‍വലിക്കാം, എന്‍ എസ് എസ് നു സി പിഎം നേതൃത്വത്തിന്റെ ഉറപ്പ്

സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഗണപതി മിത്ത് വിവാദത്തില്‍ പ്രതിഷേധിച്ച് എന്‍ എസ് എസ് നടത്തിയ നാമജപഘോഷയാത്രക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ ഒരുക്കമാണെന്ന് മന്ത്രി വി എ്ന്‍ വാസവന്‍ എ്ന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ അറിയിച്ചുവെന്ന് സൂചന. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പാണ് ഇത്തരത്തിലൊരു തിരുമാനമെടുക്കാന്‍ സി പി എമ്മിനെ പ്രേരിപ്പിച്ചത്.

പുതുപ്പള്ളിയിലെ ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിനൊപ്പം ജി സുകുമാരന്‍ നായരെക്കണ്ട മന്ത്രി വി എ്ന്‍ വാസവന്‍ നാമജപഘോഷയാത്ര നടത്തിയ എന്‍ എസ് എസ്് വൈസ് പ്രസിഡന്റ് ജി സംഗീത് കുമാര്‍ അടക്കമുള്ള കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കെതിരെ തിരുവനന്തപുരം കണ്‍ന്റോണ്‍മെന്റ് പൊലീസ് എടുത്ത കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര് തെയ്യാറാണെന്ന സൂചനയാണ് നല്‍കിയത്.
ഇതേ തുടര്‍ന്നാണ് ഗണപതി മിത്ത് വിവാദം ഇനി ഉന്നയിക്കാനില്ലന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞതും. തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ ഒരു വീഴ്ചയായാണ് ഗണപതി മിത്ത് വിവാദത്തെ സി പിഎം കാണുന്നത്. ഇനി അത്തരത്തിലൊന്നും ഉണ്ടാകില്ലന്ന ഉറപ്പാണ് സുകുമാരന്‍ നായര്‍ക്ക് സി പി എം നല്‍കിയിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഈ വിഷയം എന്‍ എസ് എസ് വീണ്ടും ചര്‍ച്ചയാക്കുമോ എന്ന ഭയം സി പി എമ്മിനുണ്ട്. ആറിലധികം ലോക്‌സഭാ സീറ്റുകള്‍ കിട്ടാനുള്ള എല്ലാ സാധ്യതയും ഇത്തവണയുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. സാമുദായിക സംഘടനകളുമായി തല്ലുപിടിച്ച് അതുകൊണ്ടുപോയി കളയാണ്ടാ എന്ന ചിന്തയാണ് സി പി എമ്മിലുള്ളത്. മാത്രമല്ല പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്‌സ് ക്രൈസ്തവ വിഭാഗത്തില്‍ പെട്ട രണ്ടു സ്ഥാനാര്‍ത്ഥികളെയാണ് സി പി എമ്മും കോണ്‍ഗ്രസും രംഗത്തിറക്കിയിരിക്കുന്നത്. ക്രൈസ്തവര്‍ കഴിഞ്ഞാല്‍ പുതുപ്പള്ളി മണ്ഡലത്തില്‍ ഏറ്റവും വോട്ടുള്ള വിഭാഗമാണ് നായര്‍ സമുദായം. അത് കൊണ്ട് ക്രൈസ്തവ വോട്ടുകള്‍ വിഭജിച്ചുപോകുന്ന പക്ഷം നായര്‍ വോട്ടുകള്‍ നിര്‍ണ്ണായകമായിരിക്കുമെന്നുമുള്ള തിരിച്ചറിവും സി പി എമ്മിനുണ്ട്.

എന്‍ എന്‍ എസുമായി യാതൊരു പ്രശ്‌നവുമില്ലന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. സാമുദായിക നേതാക്കളെ കാണുന്നത് തിണ്ണ നിരങ്ങലല്ലന്നാണ് അദ്ദേഹം പറഞ്ഞത്. ഗണപതി മിത്ത് വിവാദം തുടങ്ങിയപ്പോള്‍ പാര്‍ട്ടി എടുത്ത നിലപാടില്‍ നിന്നും ഘടകവിരുദ്ധമായ നിലപാടാണിത്. സി പി എം കേന്ദ്ര കമ്മിറ്റിയംഗമായ ഏ കെ ബാലന്‍ ജി സുകുമാരന്‍ നായര്‍ക്കെതിരെ ആ സമയത്ത് ആഞ്ഞടിച്ചിരുന്നു. എന്നാല്‍ അതൊന്നും പാര്‍ട്ടിയുടെ അഭിപ്രായമല്ലന്ന നിലപാടിലാണ് ഇപ്പോള്‍ സി പി എം എത്തിയിരിക്കുന്നത്.

സാമുദായിക നേതാക്കളെ കാണുന്നത് വരം ചോദിക്കാനല്ല മറിച്ച് വോട്ട് ചോദിക്കാനാണ് എന്ന എം വി ഗോവിന്ദന്‍ വ്യക്തമാക്കിയതിലൂടെ ഇക്കാര്യത്തില്‍ സി പി എമ്മിന്റെ മനസിലിരിപ്പ് വ്യക്തമായിക്കഴിഞ്ഞു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പല്ല വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് തന്നെയാണ് സി പി എമ്മിന്റെ മനസിലെന്ന് വ്യക്തമാകി കഴിഞ്ഞു. രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍ മല്‍സരിക്കുമെന്നുറപ്പായതോടെ ന്യുനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസ് പക്ഷത്തേക്ക് ചായുമെന്ന സൂചന സി പി എമ്മിനു ലഭിച്ചിട്ടുണ്ട്. അത് കൊണ്ട് ഭൂരിപക്ഷ സമുദായത്തിലെ വോട്ടുകള്‍ എങ്ങിനെയും തങ്ങള്‍ക്കൊപ്പം ഉറപ്പിച്ച് നിര്‍ത്തുക എന്നതാണ് ഇപ്പോള്‍ സി പി എം ലക്ഷ്യമിടുന്നത്.