Breaking News

വീണയുടെ കമ്പനി 30 ലക്ഷം നികുതി വെട്ടിപ്പ് നടത്തി, 1.72 കോടി ലഭിച്ചതിന് ടാക്‌സ് അടച്ചില്ല, ഏക്‌സാലോജിക്ക് നഷ്ടം വന്ന് പൂട്ടിയ കമ്പനിയെന്നും മാത്യു കുഴല്‍നാടന്‍

വീണാ വിജയന്റെ കമ്പനിയായ എക്‌സാ ലോജിക്ക് നികുതി വെട്ടിപ്പ് നടത്തിയതായി മാത്യു കുഴല്‍നാടന്‍ എം എല്‍ എ. സി എം ആര്‍ എല്‍ കമ്പനിക്ക് സേവനം നല്‍കിയതിനാണ് 1.72 കോടി രൂപാ വാങ്ങിയതെങ്കില്‍ അതിന്റെ ഐ ജി എസ് ടിയായി 30 ലക്ഷം രൂപ അടക്കണമായിരുന്നു. എന്നാല്‍ കേവലം ആറ് ലക്ഷം രൂപ മാത്രമാണ് നികുതി നല്‍കിയത്. അതാകട്ടെ 1.72 കോടി വാങ്ങിയതിനല്ല 42 ലക്ഷം വാങ്ങിയതിനാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നികുതി അടച്ചിട്ടുണ്ടെങ്കില്‍ ആ രേഖ പുറത്തു വിടണം. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വീണാ വിജയന്റെ കമ്പനിയുടെ സെക്യുരിറ്റി ഓഫീസറെ പ്രവര്‍ത്തിക്കുകയാണ്. തനിക്കെതിരെ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണമാണ് ഡി വൈ എഫ് ഐ ഉയര്‍ത്തിയത്. എന്നാല്‍ വീണയുടെ നികുതി വെട്ടിപ്പിനെക്കുറിച്ച് അവര്‍ക്കെന്തെങ്കിലും പറയാനുണ്ടോ എന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.

ഈ നികുതി വെട്ടിപ്പിനെതിരെ ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാലിന് മാധ്യമ പ്രവര്‍ത്തകരുടെ മുമ്പില്‍ വച്ച്് മാത്യു കുഴല്‍നാടന്‍ പരാതി അയക്കുകയും ചെയ്തു. ഇന്‍കം ടാക്‌സ് സെറ്റില്‍മെന്റ് ബോര്‍ഡിന്റെ വിവരങ്ങള്‍ പ്രകാരം 1.72 കോടി നല്‍കിയത് പൊളിറ്റിക്കല്‍ ഫണ്ടിംഗായാണ്. സേവനത്തിന് പ്രതിഫലമായാണോ പൊളിറ്റിക്കല്‍ ഫണ്ടിംഗായാണോ ഈ പണം കൈമാറിയതെന്ന്ു സി പിഎം വ്യക്തമാക്കണമെന്നും കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.

നഷ്ടമുണ്ടായതിനെത്തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിച്ച കമ്പനിയാണ് വീണയുടെ എക്‌സാലോജിക്ക് എന്ന കമ്പനി. 63 ലക്ഷത്തിലധികം നഷ്ടം വന്നെന്നാണ് കണക്ക്. 2015 ലാണ് എക്‌സാലോജിക്ക് തുടങ്ങിയത് ഒരു വര്‍ഷം വരുമാനം ഒന്നും ഉണ്ടായിരുന്നില്ല. രണ്ടാം വര്‍ഷം 2015-16 ല്‍ 44 ലക്ഷം നഷ്ടം ഉണ്ടായി. സി എം ആര്‍ എല്‍ ഉടമയുടെ ഭാര്യയുടെ പേരിലുള്ള കമ്പനി വീണയുടെ കമ്പനിക്ക് 25 ലക്ഷം രൂപ നല്‍കി. 2019-20 ല്‍ 17 ലക്ഷം നഷ്ടമുണ്ടായിതായി കണക്കുകള്‍ കാണിക്കുന്നു. 1.72 ലക്ഷം സി എം ആര്‍ എല്‍ കമ്പനിയില്‍ നിന്നും സേവനത്തിന് പ്രതിഫലമായി വാങ്ങി. ഇത് കൂടാതെ 42 ലക്ഷം വാങ്ങിയതായി രേഖ ഉണ്ടന്നും മാത്യു പറഞ്ഞു.