Breaking News

അറസ്റ്റിലായത് വീട്ടുടമയുൾപ്പെടെ അഞ്ചുപേർ; തുവൂർ കൊലപാതകത്തിൽ അന്വേഷണം തുടർന്ന് പൊലീസ്

തുവ്വൂർ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതിനോടകം അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മലപ്പുറം തുവ്വൂർ പഞ്ചായത്ത് ഓഫീസിന് സമീപം റെയിൽവേ പാളത്തിന് അടുത്തുള്ള വിഷ്ണു എന്ന യുവാവിന്‍റെ വീട്ടുവളപ്പിൽ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തുവരുന്നത്. കരുവാരക്കുണ്ട് പൊലീസാണ് കേസന്വേഷിക്കുന്നത്.

കൊലപാതകവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് വിഷ്ണുവും, വിഷ്ണുവിന്റെ അച്ഛൻ, സഹോദരങ്ങളായ വൈശാഖും ജിത്തുവും വിഷ്ണുവിന്റെ സുഹൃത്ത് ഷിഹാനുമാണ് അറസ്റ്റിലായിരിക്കുന്നത്. കാണാതായ സുജിതയുടെ ഫോൺ ലൊക്കേഷൻ അവസാനമായി കണ്ടത് വിഷ്ണുവിന്റെ വീടിനു സമീപമായതിനാലാണ് അന്വേഷണം ഇവരിലേക്ക് നീണ്ടത്.

തുവ്വൂർ കൃഷിഭവനിൽ ജോലി ചെയ്തിരുന്ന സുജിത എന്ന യുവതിയെ ഈ മാസം 11 മുതൽ കാണാനില്ലായിരുന്നു.കണ്ടെത്തിയ മൃതദേഹം സുജിതയുടേതാണെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ടാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. മൃതദേഹം സുജിതയുടേതാണോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് വീട്ടുവളപ്പിൽ മൃതദേഹം കുഴിച്ചിട്ട കാര്യം പൊലീസിനോട് പറഞ്ഞത്.തുവ്വൂർ പഞ്ചായത്തിൽ മുൻപ് ജോലി ചെയ്തിരുന്നയാളാണ് വിഷ്ണു.