Breaking News

നിപ ജാഗ്രതയിൽ സംസ്ഥാനം; കേന്ദ്രസംഘം ഇന്നെത്തും, കോഴിക്കോട് കർശന നിയന്ത്രണങ്ങൾ, തിരുവനന്തപുരത്തും ഒരാൾ നിരീക്ഷണത്തിൽ

സംസ്ഥാനത്ത് മൂന്നാം തവണയും നിപ വൈറസ് സ്ഥീരികരിച്ച സാഹചര്യത്തിൽ ജാഗ്രത തുടരുകയാണ്. കോഴിക്കോട് ജില്ലയിലാണ് കടുത്ത നിയന്ത്രണം. കേന്ദ്രത്തിൽ നിന്നുള്ള ആരോഗ്യ വിദഗ്ദ്ധരുടെ സംഘം ഇന്ന് കോഴിക്കോടെത്തും. അതേ സമയം തിരുവനന്തപുരത്ത് മെഡിക്കൽ വിദ്യാർത്ഥി നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. പനി ബാധിച്ച വിദ്യാർത്ഥിയെയാണ് മെഡിക്കൽ കോളജ് ഐസലേഷനിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

കോഴിക്കോട് നിപ സ്ഥീരീകരിച്ച സാഹചര്യത്തിലാണ് മൂന്ന് കേന്ദ്ര സംഘങ്ങള്‍ ഇന്ന് ജില്ലയിലെത്തുന്നത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മൊബൈൽ പരിശോധനാ സംഘവും ഐസിഎംആർ സംഘവും കോഴിക്കോടെത്തും. പകർച്ചവ്യാധി പ്രതിരോധ വിദ്ഗ്ധരടങ്ങുന്നതാണ് മൂന്നാമത്തെ സംഘം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങള്‍ നൽകുന്നതിനാണ് സംഘം എത്തുന്നത്.

അതേ സമയം ജില്ലയിൽ ഏഴ് പഞ്ചായത്തുകളിലെ 43 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി. ചികിത്സയിലുള്ള ഒൻപത് വയസുകാരന്റെ നില ഗുരുതരമായി തുടരുകയാണ്. മരുതോങ്കര, ആയഞ്ചേരി, തിരുവള്ളൂർ, കുറ്റ്യാടി, കായക്കൊടി, കാവിലും പാറ, വില്ല്യപ്പള്ളി പഞ്ചായത്തുകളിലെ ഭൂരിഭാഗം വാർഡുകളും കണ്ടൈൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു. ഇതിനു പുറമേ ജില്ലയിൽ മാസ്ക് ധരിക്കുന്നതും നിർബന്ധമാക്കിയിട്ടുണ്ട്.

കണ്ടെയ്ൻമെന്റ് സോണുകളിൽ ബാരിക്കേഡുകൾ വച്ച് പ്രവേശനം തടയും. കടകൾ തുറക്കുന്നതിനും നിയന്ത്രണമുണ്ട്. ആവശ്യ സാധന വിൽപ്പന കേന്ദ്രങ്ങൾക്ക് മാത്രമാണ് പ്രവർത്തനാനുമതി. രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പ്രവർത്തന സമയം. ആരോഗ്യ കേന്ദ്രങ്ങൾക്കും മെഡിക്കൽ സ്‌റ്റോറുകൾക്കും നിയന്ത്രണം ബാധകമല്ല. കണ്ടെയ്ൻമെന്റ് സോണുകളിൽ മാസ്‌കും സാമൂഹിക അകലം പാലിക്കുന്നതും നിർബന്ധമാണ്.

കണ്ടെയ്ൻമെന്റ് സോണിൽ സ്‌കൂളുകളും അങ്കണവാടികളും അടച്ചിടും. ഇതിന് പുറമെ, ബാങ്കുകൾ, സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതിയില്ല. വില്ലേജ്, തദ്ദേശ സ്വയംഭരണ ഓഫിസുകളിൽ മിനിമം ജീവനക്കാർക്ക് മാത്രമാണ് അനുമതി.

ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂർ, കുറ്റ്യാടി, കായക്കൊടി, വില്യപ്പളളി, കാവിലുംപാറ ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളിലാണ് കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചത്.
ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 1, 2, 3, 4, 5, 12, 13, 14, 15
മരുതോങ്കര ഗ്രാമപഞ്ചായത്ത് 1, 2, 3, 4, 5, 12, 13, 14
തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് 1, 2, 20
കുറ്റ്യാടി ഗ്രാമപഞ്ചായത്ത് 3, 4, 5, 6, 7, 8, 9, 10
കായക്കൊടി ഗ്രാമപഞ്ചായത്ത് 5, 6, 7, 8, 9
വില്യപ്പളളി ഗ്രാമപഞ്ചായത്ത് 6, 7
കാവിലുംപാറ ഗ്രാമപഞ്ചായത്ത് 2,10,11,12,13,14,15,16