നയതന്ത്ര തലത്തില്‍ ഏറ്റുമുട്ടുന്ന ഇന്ത്യ-കാനഡ തര്‍ക്കത്തില്‍ ഇന്ത്യക്കൊപ്പം ചേര്‍ന്ന് ശ്രീലങ്ക. കാനഡ ഭീകരരുടെ സുരക്ഷിത താവളമായി മാറിയെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തെളിവില്ലാത്ത ആരോപണങ്ങളാണ് ഇന്ത്യയ്‌ക്കെതിരെ ഉന്നയിക്കുന്നതെന്നും ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി അലി സാബ്രി ആരോപിച്ചു.
ഇന്ത്യക്കൊപ്പമാണ് തങ്ങളെന്നും ശ്രീലങ്ക വ്യക്തമാക്കി. ഇന്ത്യയ്ക്കെതിരെ ഒരു തെളിവും ഇല്ലാതെയാണ് ട്രൂഡോ പരാമര്‍ശം നടത്തിയിരിക്കുന്നത്. അതില്‍ അതിശയിക്കാന്‍ ഒന്നുമില്ല. മുന്‍പും ഇത്തരത്തില്‍ അടിസ്ഥാന രഹിതമായ ആരോപണവുമായി രംഗത്തുവന്നിട്ടുള്ള വ്യക്തിയാണ് ട്രൂഡോ ഇതേകാര്യം അവര്‍ ശ്രീലങ്കയോടും ചെയ്തിരുന്നു. ശ്രീലങ്ക വംശഹത്യ നടത്തിയെന്ന അങ്ങേയറ്റത്തെ നുണയാണു കാനഡ പറഞ്ഞത്. ഞങ്ങളുടെ രാജ്യത്ത് യാതൊരു വംശഹത്യയുമില്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അലി സാബ്രി പറഞ്ഞു.
ഒരാളും മറ്റൊരു രാജ്യത്തിന്റെ കാര്യങ്ങളിലേക്കു തലയിടുകയോ എങ്ങനെ ഭരിക്കണമെന്ന് നിര്‍ദേശിക്കുകയോ ചെയ്യേണ്ടതില്ല. ഇന്ത്യന്‍ മഹാസമുദ്രമെന്ന മേല്‍വിലാസം വളരെ പ്രധാനപ്പെട്ടതാണ്. മേഖലയെ ശക്തിപ്പെടുത്താനായി ഒരുമിച്ച് നില്‍ക്കണം. അങ്ങനെയാണു സമാധാന അന്തരീക്ഷം സൃഷ്ടിക്കാനാവുകയെന്നും അദേഹം പറഞ്ഞു. ട്രൂഡോ അടുത്തിടെ നാസി ബന്ധമുണ്ടായിരുന്നവരെ രാജ്യത്തേയ്ക്ക് ക്ഷണിച്ചു വരുത്തിയിരുന്നു. ഇതില്‍ നിന്നും വ്യക്തമാക്കാം അദ്ദേഹത്തിന്റെ നിലപാട്. കനഡ ഒരു വിഭാഗം തീവ്രവാദികളുടെ പറുദീസയായി മാറി. അതില്‍ ഒട്ടും ആശങ്കപ്പെടാനില്ലന്നും അദേഹം പറഞ്ഞു.
അതേസമയം, ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ ചെയ്യാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി അലി സാബ്രി പറഞ്ഞു. ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ സുരക്ഷാ ആശങ്കകള്‍ പ്രധാനമാണെന്നും അതുകൊണ്ടു തന്നെ ചൈനീസ് കപ്പലിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒക്ടോബറില്‍ ശ്രീലങ്കന്‍ തുറമുഖത്ത് ഷി യാന്‍ 6 എന്ന ചൈനീസ് ചാരക്കപ്പല്‍ നങ്കൂരമിടുമെന്ന് വാര്‍ത്ത പുറത്തുവന്നിരുന്നു. വിദേശ കപ്പലുകള്‍ സംബന്ധിച്ച് ശ്രീലങ്കക്ക് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്ഒപി) ഉണ്ടെന്നും ഇന്ത്യ ഉള്‍പ്പെടെയുള്ള നിരവധി സുഹൃദ് രാജ്യങ്ങളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഖലിസ്ഥാനി സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ (എസ്എഫ്‌ജെ) പ്രതിഷേധപ്രകടനം കണക്കിലെടുത്ത് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനും കോണ്‍സുലേറ്റുകള്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചു. ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്റെയും ടൊറന്റോയിലെയും വാന്‍കൂവറിലെയും കോണ്‍സുലേറ്റുകളുടെയും പ്രവര്‍ത്തനം തടസ്സപ്പെടുത്തുമെന്നു ഖലിസ്ഥാനി വിഘടനവാദി നേതാവ് ഗുര്‍പട്വന്ത് സിങ് പന്നു കഴിഞ്ഞയാഴ്ച വിഡിയോ സന്ദേശത്തില്‍ ഭീഷണി മുഴക്കിയിരുന്നു. ഇന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഇന്ന് യുഎന്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. കാനഡ വിഷയത്തില്‍ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കും ജയശങ്കര്‍ വ്യക്തമാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.