Breaking News

അംബാനി കല്യാണത്തിന് വിഐപികളെത്തുന്നത് ജാംനഗർ വിമാനത്താവളത്തിൽ; പ്രതിരോധ വിമാനത്താവളത്തിന് 10 ദിവസത്തേക്ക് അന്താരാഷ്ട്ര പദവി

മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെ വിവാഹാത്തിന്റെ ഭാഗമായി ഗുജറാത്തിലെ ജാംനഗർ വിമാനത്താവളം 10 ദിവസത്തേക്ക് അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചു. അംബാനി കുടുംബത്തിന്റെ മൂന്ന് ദിവസം നീണ്ടും നിൽക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ വിവിധ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാര്‍, ബില്‍ഗേറ്റ്‌സ്, മാര്‍ക് സക്കര്‍ബര്‍ഗ്, റിഹാന, ഇവാങ്ക ട്രംപ് തുടങ്ങിയവർ എത്തുന്നുണ്ട്. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് അഞ്ചു വരെയാണ് ജാംനാഗറിനെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര തലത്തിൽ പ്രമുഖരായവരുടെ വരവിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര വകുപ്പ്, ആരോഗ്യവകുപ്പ്, ധനവകുപ്പ് എന്നിവയുടെ അനുമതിയോടെ വിമാനത്താവളത്തില്‍ കസ്റ്റംസ്, ഇമിഗ്രേഷന്‍, ക്വാറന്റീന്‍(സിഐക്യു) സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മാര്‍ച്ച് ഒന്ന് മുതൽ മൂന്ന് വരെയാണ് ആനന്ദ് അംബാനി- രാധിക മര്‍ച്ചന്റ് വിവാഹാഘോഷങ്ങള്‍ നടക്കുന്നത്.

പ്രതിരോധ വകുപ്പിന് കീഴിലുള്ള ജാംനഗര്‍ കോമേഷ്യല്‍ ഫ്ലൈറ്റുകള്‍ക്ക് അനുമതിയുള്ള പ്രതിരോധ വിമാനത്താവളമാണ്. നിലവില്‍ യാത്ര വിമാനങ്ങള്‍ക്കും ഇവിടെ അനുമതിയുണ്ട്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ(എഎഐ) ഇതിനായി ഒരു പാസഞ്ചര്‍ ടെര്‍മിനിലും വിമാനത്താവളത്തില്‍ നിര്‍മിച്ചിട്ടുണ്ട്. എന്നാൽ അവിടെ സൗകര്യം കുറവാണ്. അതിനാല്‍ പ്രേത്യക അനുമതി ലഭിച്ചതോടെ യാത്രക്കാരുടെ സൗകര്യത്തിന് അനുസരിച്ച് എയര്‍ഫോഴ്സിന്‍റെ ടെക്നിക്കല്‍ ഏരിയയും ഉപയോഗപ്പെടുത്തുന്നു എന്നാണ് ‘ദ ഹിന്ദു’വിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്.

അംബാനി കുടുംബത്തിലെ വിവാഹത്തിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേന അവരുടെ അതീവ സുരക്ഷ മേഖലയിലാണ് പുറമെ നിന്നുള്ളവര്‍ക്ക് അനുവാദം കൊടുത്തിരിക്കുന്നത്. അതിഥികളുടെ ആധിക്യം കണക്കിലെടുത്ത് എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ വിമാനത്തവളത്തിന്റെ പാസഞ്ചര്‍ ബില്‍ഡിംഗിന്റെ വിസ്തീര്‍ണം 475 സ്‌ക്വയര്‍ മീറ്ററില്‍ നിന്നും 900 സ്‌ക്വയര്‍ മീറ്ററായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നേരത്തെ 180 യാത്രക്കാരെയായിരുന്നു ഒരേസമയത്ത് ഉള്‍ക്കൊളാന്‍ കഴിഞ്ഞിരുന്നതെങ്കില്‍ ഇപ്പോഴത് 360 ആയി. വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ ആസൂത്രണം ചെയ്തിരുന്നതാണെങ്കിലും അംബാനി കുടുംബത്തിനുവേണ്ടി അത് വളരെ വേഗത്തിലാക്കി എന്നാണ് ഒരു എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ പറയുന്നത്.

ഒരേസമയത്ത് മൂന്നു വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാന്‍ സൗകര്യമുള്ളിടമാണ് എയര്‍ഫോഴ്‌സിന്റെ സെന്‍സിറ്റീവ് ടെക്‌നിക്കല്‍ ഏരിയ. യാത്രവിമാനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന മേഖലയില്‍ ഫാല്‍കണ്‍-200 പോലുള്ള ആറ് ചെറു വിമാനങ്ങളോ, അല്ലെങ്കില്‍ എയര്‍ബസ് എ320 പോലുള്ള മൂന്നു വലിയ വിമാനങ്ങളോ ഒരേസമയം ഉള്‍ക്കൊള്ളാനാകും.

പരമാവധി ആറു വിമാനങ്ങള്‍ പറന്നിറങ്ങുകയും ഉയരുകയും ചെയ്തിരുന്നിടത്ത് മാര്‍ച്ച് ഒന്നിന് എയര്‍പോര്‍ട്ടിൽ ഏകദേശം 140 വിമാനങ്ങള്‍ വരികയും പോകയും ചെയ്തു. മാർച്ച് ഒന്നിന് ജാംനഗറില്‍ വിമാനമിറങ്ങിയവരില്‍ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മൊഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍, സൗദി ആരാംകോ ചെയര്‍പേഴ്‌സണ്‍ യാസിര്‍ അല്‍-റുമയ്യാന്‍, ഡിസ്‌നി സിഇഒ ബോബ് ഐഗര്‍, ശതകോടീശ്വരനായ അമേരിക്കന്‍ ബിസിനസുകാരനും ബ്ലാക് റോക്ക് എന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ ചെയര്‍മാനുമായ ലാറി ഫിങ്ക്, അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപ് തുടങ്ങിയവര്‍ ഉണ്ടെന്നാണ് വിവരം.

അതിഥികളുടെ ലിസ്റ്റില്‍ ഭൂട്ടാന്‍ രാജാവ് ജിഗ്‌മേ ഖേസര്‍ നാംഗ്യേല്‍ വാങ്ചക്ക്, ഓസ്‌ട്രേലയിന്‍ മുന്‍ പ്രധാനമന്ത്രി കെവിന്‍ റൂഡ്, കാനഡ മുന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍ എന്നിവരുമുണ്ട്. ഇന്ത്യയില്‍ നിന്നുള്ള വിശിഷ്ടാതിഥികളുടെ കൂട്ടത്തില്‍ ദീപിക പദുകോണ്‍, റണ്‍വീര്‍ സിംഗ്, ഷാരുഖ് ഖാന്‍, എംഎസ് ധോണി, സൈന നെഹ്‌വാള്‍ എന്നിവരൊക്കെയുണ്ട്.

വിമാനത്താവളത്തില്‍ നിലവിലുണ്ടായിരുന്നതിനേക്കാള്‍ ജീവനക്കാരെ കൂടുതലായി നിയോഗിച്ചിട്ടുണ്ട്. നേരത്തെ ക്ലീനിംഗ് ജോലിക്കായി 16 പേരായിരുന്നു ഉണ്ടായിരുന്നതെങ്കില്‍, ഈ പ്രത്യേക ആവിശ്യത്തിനായി 35 പേരെ അധികം നിയമിച്ചു. സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവളത്തിന്റെ സുരക്ഷ ജീവനക്കാരുടെ എണ്ണം 35 ല്‍ നിന്നും 70 ആയി ഉയര്‍ത്തുകയും ചെയ്തു. ഗ്രൗണ്ട് ജോലികളുടെ കരാര്‍ ഏറ്റെടുത്തിരുന്ന ഏജന്‍സി അവരുടെ ജീവനക്കാരുടെ എണ്ണം 65ല്‍ നിന്നും 125 ആക്കിയും ഉയര്‍ത്തി.

വ്യോമസേന എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവറില്‍ തങ്ങളുടെ കൂടുതല്‍ സൈനിക ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. വിമാനത്താവളത്തില്‍ പെയിന്റിംഗുകള്‍ സ്ഥാപിക്കുകയും ശൗചാലയങ്ങള്‍ പുതുക്കുകയും ചെയ്തിട്ടുണ്ട്. ലോകമെമ്പാടുനിന്നും അതുപോലെ രാജ്യത്തിനകത്തും നിന്ന് അതിഥികളെ എത്തിക്കാന്‍ നിരവധി സ്വകാര്യ ജെറ്റുകള്‍ക്ക് പുറമേ, എയര്‍ ഇന്ത്യ എക്സ്പ്രസ് 180 സീറ്റുകളുള്ള മൂന്നു ബോയിംഗ് 737 വിമാനങ്ങളും ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള പ്രാദേശിക വിമാനക്കമ്പനിയായ സ്റ്റാര്‍ എയര്‍ അവരുടെ 76 സീറ്റുകളുള്ള എംബ്രയര്‍ ഇ175 വിമാനവും ഒരുക്കിയിട്ടുണ്ട്.

വിദേശത്ത് നിന്നും ഭക്ഷണവിഭവങ്ങള്‍ എത്തിക്കാന്‍ ഫെബ്രുവരി 26 ന് സ്‌പൈസ് ജെറ്റിന്റെ ഒരു കാര്‍ഗോ വിമാനം ജാംനഗറില്‍ പറന്നിറങ്ങിയിരുന്നു. വിവാഹാഘോഷങ്ങള്‍ അവസാനിക്കും വരെ വിമാനത്താവളത്തില്‍ ഇതുപോലെ ആറ് കാര്‍ഗോ വിമാനങ്ങളുടെ സാന്നിധ്യം ഉണ്ടായിരിക്കും. അംബാനി കുടുംബത്തിന്റെ അതിഥികളുടെ തിരക്കുണ്ടെങ്കിലും സാധാരണ യാത്ര വിമാനങ്ങള്‍ ഇതിന്റെ പേരില്‍ മുടങ്ങിയിട്ടില്ലെന്നാണ് വിമാനത്താവള അധികൃതര്‍ പറയുന്നത്.