Breaking News

തിരുവനന്തപുരത്തെ രാജ്യത്തെ മികച്ച ഐടി ഹബ്ബാക്കും; അതാണ് മോദിയുടെ ഗ്യാരന്റി; കേരള ജനത ഒപ്പം നില്‍ക്കണമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

തലസ്ഥാന നഗരത്തെ ഐടി നഗരമാക്കുമെന്നും രാജ്യത്തെ മികച്ച ഐടി ഹബ്ബാക്കി മാറ്റുമെന്നും അതാണ് മോദിയുടെ ഗ്യാരന്റിയെന്നും തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായി രാജീവ് ചന്ദ്രശേഖര്‍.

ഐടി വികസനത്തില്‍ കേരളത്തിന് മെല്ലെപ്പോക്കാണ്. ആ അവസ്ഥയില്‍ നിന്നും മോചിപ്പിക്കും. ദക്ഷിണ മേഖലയിലെ ഏറ്റവും ഉയര്‍ന്ന ഐടി ഹബ്ബാക്കി കേരളത്തെ മാറ്റും. അതാണ് മോദിയുടെ ഗ്യാരന്റി. അത് പ്രാവര്‍ത്തികമാക്കാന്‍ വേണ്ടത് നരേന്ദ്രമോദിയുടെ പത്ത് വര്‍ഷത്തെ വികസന പ്രവര്‍ത്തനത്തിന് തുടര്‍ച്ചയുണ്ടാകുക എന്നതാണ്.

ഭാരതത്തെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കാനും ഭാരതത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകാനും 400ല്‍ അധികം സീറ്റ് എന്ന ലക്ഷ്യത്തിലെത്താനും കേരള ജനത ഒപ്പം നില്‍ക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

നൈപുണ്യവികസന സംരംഭകത്വം, ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പുകളുടെ സഹമന്ത്രിയായ രാജീവ് ചന്ദ്രശേഖര്‍ കര്‍ണ്ണാടകത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. ബിജെപിയുടെ ദേശീയ വക്താവായും എന്‍ഡിഎയുടെ കേരള ഘടകം വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016 മുതല്‍ 2018 വരെ കര്‍ണ്ണാടകയെ പ്രതിനിധീകരിച്ച് സ്വതന്ത്ര രാജ്യസഭാംഗമായിരുന്നു. 2018ല്‍ അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു. ഇന്ത്യ ടുഡേ മാഗസിന്‍ 2017 ല്‍ തെരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും ശക്തരായ വ്യക്തികളുടെ പട്ടികയില്‍ 41-ാം സ്ഥാനം രാജീവ് ചന്ദ്രശേഖറിനായിരുന്നു.

1964 മെയ് 31 ഗുജറാത്തിലെ അഹമ്മദാബാദിലാണ് ജനനം. മാതാപിതാക്കള്‍ മലയാളികളാണ്. ഇന്‍ഡ്യന്‍ എയര്‍ഫോഴ്സിലെ എയര്‍ കമ്മഡോര്‍ ആയിരുന്ന തൃശ്ശൂര്‍ ദേശമംഗലം സ്വദേശിയായ എം.കെ.ചന്ദ്രശേഖറിന്റെയും ആനന്ദവല്ലി അമ്മയുടെയും മകനാണ് രാജീവ് ചന്ദ്രശേഖര്‍. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗില്‍ ബിരുദം നേടി. ചിക്കാഗോയിലെ ഇല്ലിനോയിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടി. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് അഡ്വാന്‍സ് മാനേജ്മെന്റ് പ്രോഗ്രാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 1991 ല്‍ വിവാഹിതനായി. ബിപിഎല്‍ ഗ്രൂപ്പിന്റെ സ്ഥാപകനും ബംഗളൂരുവിലെ കോറമംഗലയിലെ ടിപിജി നമ്പ്യാരുടെ മകള്‍ അഞ്ജുവാണ് ഭാര്യ. ബിപിഎല്‍ മൊബൈല്‍ സ്ഥാപിച്ചത് അദ്ദേഹമാണ്. 2013 ല്‍ ബെല്‍ഗാമിലെ വിശ്വേശ്വരയ്യ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്.