Breaking News

വിവരങ്ങള്‍ മറയ്ക്കുന്നു; ഇലക്ട്രല്‍ ബോണ്ടില്‍ എസ്ബിഐയ്ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി; സുപ്രീംകോടതിയില്‍ നിര്‍ണായക നീക്കവുമായി സിപിഎം

സുപ്രീംകോടതി റദ്ദാക്കിയ ഇലക്ടറല്‍ ബോണ്ട് പദ്ധതിയുടെ വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമീഷന് കൈമാറത്ത എസ്ബിഐക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി സിപിഎം.

ഇലക്ടറല്‍ ബോണ്ടുകളുടെ പൂര്‍ണ വിവരം മാര്‍ച്ച് ആറിനുള്ളില്‍ കൈമാറണമെന്നായിരുന്നു കോടതി നിര്‍ദേശം. കോടതി നിശ്ചയിച്ച സമയപരിധി മനഃപൂര്‍വം എസ്ബിഐ ലംഘിച്ചുവെന്ന് ഹര്‍ജിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.

ഉത്തരവില്‍ പറയാത്ത കാര്യങ്ങളുടെപേരില്‍ സമയം നീട്ടിചോദിക്കുകയും ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്യുകയുമാണ് എസ്ബിഐ. ബോണ്ടുകള്‍ വാങ്ങിയവരുടെയും പണമാക്കി മാറ്റിയവരുടെയും വിവരങ്ങള്‍ പൊരുത്തപ്പെടണമെന്ന് കോടതി ഉത്തരവിട്ടിട്ടില്ല.

കേസിന്റെ ഒരു ഘട്ടത്തിലും ബോണ്ട് വാങ്ങിയവരുടെയും അത് പണമാക്കിയവരുടെയും വിവരങ്ങള്‍ നല്‍കുന്നതിന് പ്രയോഗിക തടസ്സമുണ്ടെന്ന് എസ്ബിഐ പറഞ്ഞിട്ടില്ല. എല്ലാ വിവരവും ഒരു ക്ലിക്കില്‍ ലഭ്യമാണെന്നിരിക്കേ ബാങ്ക് കോടതിയെ ആശയക്കുഴപ്പത്തിലാക്കാന്‍ ശ്രമിക്കുന്നു.

ഇത് നഗ്‌നമായ കോടതിലയക്ഷ്യമാണ് സിപിഎമ്മിന്റെ ഹര്‍ജിയില്‍ പറയുന്നു. സമയപരിധി മൂന്നരമാസം നീട്ടണമെന്ന എസ്ബിഐയുടെ ഹര്‍ജി ഇന്നു കോടതി പരിഗണിക്കാനിരിക്കേയാണ് സിപിഎമ്മിന്റെ നിര്‍ണായക നീക്കം.