Breaking News

5 ദിവസത്തിൽ 248 മരണം, മെയ് പകുതിയോടെ കോവിഡ് വ്യാപനം അതിതീവ്രമായേക്കും; സമ്പൂർണ ലോക്ക്ഡൗൺ പരിഗണനയില്‍

സംസ്ഥാനത്ത് മേയ് 15 ഓടെ കോവിഡ് രോഗ വ്യാപനം തീവ്രമാകുമെന്ന് വിലയിരുത്തല്‍. എട്ടു ജില്ലകളില്‍ ടിപിആര്‍ 25 നു മുകളിലാണ്. അഞ്ചുദിവസത്തിനിടെ 248 പേര്‍ മരിച്ചു. രണ്ടാഴ്ച കൂടി രോഗബാധിതരുടെ എണ്ണം ഉയര്‍ന്നു നില്ക്കുമെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിൽ ഒരാഴ്ച സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിലേക്ക് സർക്കാർ നീങ്ങിയേക്കും എന്നാണ് സൂചന.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍ , പാലക്കാട് ജില്ലകളില്‍ രോഗവ്യാപനം രൂക്ഷമായേക്കും. തിരുവനന്തപുരത്ത് കിടത്തി ചികില്‍സ ആവശ്യമുളള പ്രതിദിന രോഗികളുടെ എണ്ണം 4000 വരെ ഉയര്‍ന്നേക്കാമെന്നാണ് പ്രൊജക്ഷന്‍. ഇതിനനുസരിച്ച് ഐസിയു കിടക്കകള്‍ വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്.

സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ നിരക്ക് 10. 31 ആണ്. ദേശീയ ശരാശരി 6.92 മാത്രമാണ്. മലപ്പുറം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 100 പേരെ പരിശോധിക്കുമ്പോള്‍ 30 ലേറെപ്പേരും കോവിഡ് ബാധിതരാണ്. തൃശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഗുരുതര സാഹചര്യം.

ഈ ഘട്ടത്തിലാണ് ഒരാഴ്ച സമ്പൂര്‍ണ അടച്ചിടലിനേപ്പറ്റി സര്‍ക്കാര്‍ ആലോചിക്കുന്നത്. ലോക്ഡൗണ്‍ വേണമെന്ന് ആരോഗ്യവകുപ്പും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഞായറാഴ്ച വരെയുളള കടുത്ത നിയന്ത്രണങ്ങളുടെ ഫലം നോക്കിയശേഷം തിങ്കളാഴ്ച തീരുമാനമെടുക്കുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *