Breaking News

നിയമസഭാ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ 21 ന് എത്തും

നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംഘം ഈ മാസം 21 ന് സംസ്ഥാനത്തെത്തും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൂന്നംഗ സംഘമാണ് 21 മുതല്‍ സംസ്ഥാനത്ത് പര്യടനം നടത്തുക. വിവിധ രാഷ്ട്രീയ കക്ഷികളുമായും ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ച നടത്തും. 21 ന് തലസ്ഥാനത്തും 22ന് രാവിലെ കണ്ണൂരിലും ഉച്ചക്ക് എറണാകുളത്തും സംഘം പര്യടനം നടത്തും. തുടര്‍ന്നായിരിക്കും കൊവിഡ് കാല തെരഞ്ഞെടുപ്പിന്റെ വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുക.

എണ്‍പത് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൊവിഡ് രോഗികള്‍ക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ തപാല്‍വോട്ടു ചെയ്യാം. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പുമായി ആദ്യഘട്ട ചര്‍ച്ച പൂര്‍ത്തിയായി. വിജ്ഞാപനം വന്ന് അഞ്ചുദിവസത്തിനുശേഷം തപാല്‍വോട്ടിന് അപേക്ഷിക്കാം. തദ്ദേശ തെരഞ്ഞെടുപ്പിലെ പോസ്റ്റല്‍ ബാലറ്റ് വിതരണത്തില്‍ ചില കളക്ടര്‍മാര്‍ അതൃപ്തി രേഖപ്പെടുത്തിയതിനാല്‍ പരാതികള്‍ പരിശോധിച്ച് ക്രമീകരണം നടത്താനാണ് ഉദ്ദേശിക്കുന്നത്.

ഒരേ പദവിയില്‍ മൂന്നുവര്‍ഷമായി തുടരുന്ന പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പിന് മുന്‍പ് സ്ഥലം മാറ്റണമെന്നായിരുന്നു മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം എന്നാല്‍ ഇത് ഡിജിപിക്ക് ബാധകമല്ല. കണ്ണൂരിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് വ്യാപക പരാതികള്‍ കമ്മീഷനു മുന്നിലുണ്ട്. കേന്ദ്രസംഘം കണ്ണൂര്‍ ജില്ലയെ പ്രത്യേകം പരിഗണിക്കും. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ ബൂത്തുകളില്‍ സുരക്ഷ വര്‍ധിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *