Breaking News

കൊവിഡ് പ്രതിരോധം; കരസേനാ മേധാവി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

കരസേനാ മേധാവി ജനറൽ എം എം നർവാനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സൈന്യം സ്വീകരിച്ച നടപടികൾ കരസേനാ മേധാവി വിശദീകരിച്ചു. സൈന്യത്തിലെ ആരോഗ്യപ്രവർത്തകർ വിവിധ സംസ്ഥാനങ്ങളിൽ സേവനം അനുഷ്ടിക്കുന്നതായും പല സംസ്ഥാനങ്ങളിലും സൈന്യം താൽക്കാലിക ആശുപത്രികൾ ആരംഭിച്ചതായും കരസേനാ മേധാവി അറിയിച്ചു.

കഴിയാവുന്ന ഇടങ്ങളിലെല്ലാം സൈനിക ആശുപത്രികൾ പൊതുജനങ്ങൾക്ക് വേണ്ടി തുറന്നു നൽകിയതായും പൊതുജനങ്ങൾക്ക് തൊട്ടടുത്ത സൈനികാശുപത്രികളെ സമീപിക്കാവുന്നതാണെന്നും ജനറൽ നർവാനെ വ്യക്തമാക്കി. ഓക്സിജൻ ടാങ്കറുകൾ ഇറക്കുമതി ചെയ്യുന്നതിന് ആവശ്യമായ എല്ലാ സഹായവും സൈന്യം സ്വീകരിച്ചു വരുന്നതായും കരസേനാ മേധാവി അറിയിച്ചു.

രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 3,79,257 പേർക്കാണ്. 3,645 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 2,69,507 പേർ രോഗമുക്തി നേടി.

ഇന്ത്യയിൽ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കൊവിഡ് കണക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇന്നലെ 3,60,960 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെങ്കിൽ ഇന്നത് 3.79 ലക്ഷം കടന്നു. മരണ നിരക്കും ഉയർന്നു തന്നെയാണ്.

ഇതുവരെ 1,83,76,524 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,50,86,878 പേർ രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് ആകെ മരണം 2,04,832 ആയി. നിലവിൽ 30,84,814 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *