Breaking News

മഫ്‌തി വേഷത്തിൽ എത്തിയത് തിരിച്ചറിഞ്ഞില്ല, തടഞ്ഞ വനിതാപൊലീസിനെ ട്രാഫിക്കിലേക്ക് മാറ്റി ഡിസിപി ഐശ്വര്യ ഡോംഗ്രേ

കൊച്ചി: മഫ്‌തി വേഷത്തിൽ എത്തിയത് തിരിച്ചറിയാതെ തന്നെ തടഞ്ഞ വനിതാപൊലീസിനെ ട്രാഫിക്കിലേക്ക് സ്ഥലം മാറ്റിയ ഡിസിപി ഐശ്വര്യ ഡോംഗ്രേയുടെ നടപടി വിവാദമാകുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ശ്രദ്ധാലുവായിരുന്നില്ല, മേലുദ്യോഗസ്ഥ ഔദ്യോഗിക വാഹനത്തിൽ വന്നിറങ്ങിയത് ശ്രദ്ധിക്കാതെ ജാഗ്രതക്കുറവു കാട്ടി’ തുടങ്ങിയ കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് തന്റെ നടപടിയെ ഡിസിപി ന്യായീകരിക്കുന്നത്. പാറാവുജോലി ഏറെ ജാഗ്രതവേണ്ടജോലിയാണെന്നും, വനിതാ പൊലീസ് ശ്രദ്ധ കാട്ടിയില്ലെന്നും ഇവർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ ദിവസം എറണാകുളംനോർത്തിലെ വനിതാ സ്റ്റേഷനിൽ ഒരു യുവതി സ്റ്റേഷനിലേയ്ക്ക് കയറിപ്പോകാൻ ശ്രമിച്ചപ്പോഴായിരുന്നു പാറാവിലുണ്ടായിരുന്ന വനിതാ പൊലീസ് തടഞ്ഞത്. വന്നയാൾ യൂണിഫോമിൽ അല്ലായിരുന്നു എന്നതിനാലും പുതുതായി ചുമതലയേറ്റ ഡിസിപിയുടെ മുഖപരിചയം ഇല്ലായിരുന്നു എന്നതിനാലുമായിരുന്നു ആളറിയാതെ തടഞ്ഞു നിർത്തിയത്.കൊവിഡ് കാലമായതിനാൽ ആളുകളെ സ്റ്റേഷനിലേക്ക് കടത്തി വിടുന്നതിനു മുൻപ് വിവരങ്ങൾ ആരായേണ്ടതുണ് എന്നതും തടയാൻ കാരണമായി. പിന്നീടാണ് വന്നത് ഡിസിപിയാണെന്ന് പൊലീസുകാരിക്ക് മനസിലായത്.

സംഭവത്തിൽ പ്രകോപിതയായ ഡിസിപി, വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് വിശദീകരണം ചോദിക്കുകയും തൃപ്‌തികരമല്ലാത്തതിനാൽ രണ്ടു ദിവസത്തേക്ക് ട്രാഫിക്കിലേയ്‌ക്ക് ശിക്ഷാനടപടിയായി അയയ്‌ക്കുകയുമായിരുന്നു. സംഭവം പൊലീസുകാർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. അടുത്തിടെ മാത്രം ചുമതലയേറ്റ ഉദ്യോഗസ്ഥ യൂണിഫോമിൽ അല്ലാതെ എത്തിയാൽ എങ്ങനെ തിരിച്ചറിയുമെന്നാണ് ഇവരുടെ ചോദ്യം. കൊവിഡ് കാലത്ത് കൃത്യമായ പരിശോധനകളില്ലാതെ സന്ദർശകരെ പ്രവേശിപ്പിച്ചാൽ അത് കൃത്യവിലോപമാകില്ലേയെന്നാണ് പലരും ചോദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *