Breaking News

എലിയാവൂർ പാലത്തിലെ സുരക്ഷാവേലി നിർമ്മിക്കുന്ന ജോലികൾ പൂർത്തിയായി

ആര്യനാട്: വെള്ളനാട്- ഉഴമലയ്ക്കൽ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന എലിയാവൂർ പാലത്തിന്റെ ഇരുവശത്തും സുരക്ഷവേലി നിർമ്മിക്കുന്ന ജോലികൾ പൂർത്തിയായി. ഇതോടെ എലിയാവൂർ പാലത്തിൽ നിന്നുള്ള ആത്മഹത്യകൾക്കും പരിഹാരമായി. കെ.എസ്.ശബരീനാഥൻ എം.എൽ.എ.യുടെ ആസ്തി വികസനഫണ്ടിൽ നിന്ന് 6,30,000 രൂപ ഉപയോഗിച്ചാണ് പാലത്തിലെ സുരക്ഷാവേലിയുടെ ജോലികൾ പൂർത്തിയാക്കിയത്. ഈ പാലത്തിൽ നിന്നും ഒട്ടേറെപേർ കരമന ആറ്റിൽചാടി ജീവനൊടുക്കിയിരുന്നു. രണ്ട് വർഷം മുൻപ് അമ്മ കുഞ്ഞിനെയും കൊണ്ട് ആറ്റിൽ ചാടിയതായിരുന്നു നാട്ടുകാരെ ഏറെ കണ്ണീരിലാഴ്ത്തിയ അവസാനത്തെ സംഭവം. പാലത്തിൽ നിന്ന് ചാടി ജീവനൊടുക്കിയ ആളുകളുടെ മൃതദേഹങ്ങൾ മിക്കപ്പോഴും സ്കൂബ ടീം എത്തിയാണ് കരയ്ക്ക് എടുക്കുന്നത്, മൂന്ന് ദിവസം കഴിഞ്ഞ് ലഭിച്ച മൃതദേഹംവരെ ഇവിടെ ഉണ്ട്. ഇവിടെ ആത്മഹത്യയ്ക്ക് എത്തിയ നാലുപേരെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷിച്ചിട്ടുണ്ട്. മരണങ്ങൾ കൂടിയതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനൊരു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ആര്യനാട് പോലീസ് ജനപ്രതിനിധികൾക്കും നെടുമങ്ങാട് തഹസിൽദാർക്കും കത്ത് നൽകുകയും ചെയ്തു. ഇതിനെ തുടർന്നാണ് കെ.എസ്.ശബരീനാഥൻ എം.എൽ.എ ഫണ്ട് അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *