Breaking News

കൊവിഡ് വാക്‌സിനേഷൻ വിജയകരമാക്കാൻ ആക്ഷൻ പ്ലാനുമായി ആരോഗ്യ വകുപ്പ്

കൊവിഡ് വാക്‌സിനേഷൻ വിജയകരമാക്കാൻ ആക്ഷൻ പ്ലാനുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. വാക്‌സിനേഷനായി ആദ്യഘട്ടത്തിൽ സജ്ജമാക്കുന്നത് 133 കേന്ദ്രങ്ങളായിരിക്കും. മന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തിൽ നടന്ന കൊവിഡ് വാക്സിനേഷൻ ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം.ജില്ലകളിൽ വാക്സിനേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കൺട്രോൾ റൂമുകൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

വാക്സിൻ എത്തുന്ന മുറയ്ക്ക് അത് കൃത്യമായി വിതരണം ചെയ്ത് വാക്സിനേഷൻ വിജയപ്പിക്കുന്നതിനുള്ള കർമ്മ പദ്ധതിക്ക് ആരോഗ്യ വകുപ്പ് രൂപം നൽകി. ആദ്യഘട്ടത്തിൽസംസ്ഥാനത്ത് 133 കേന്ദ്രങ്ങൾ കൊവിഡ് വാക്സിനേഷനായി സജ്ജമാക്കും. പിന്നീട് ഇത് കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും. ഒരു കേന്ദ്രത്തിൽ ഒരു ദിവസം 100 പേർക്ക് വാക്സിൻ നൽകും.പന്ത്രണ്ട് കേന്ദ്രങ്ങളുള്ള എറണാകുളത്താണ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ കൂടുതൽ.
തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങൾ വീതവും മറ്റ് ജില്ലകളിൽ 9 കേന്ദ്രങ്ങൾ വീതവും സജ്ജമാക്കും.

സർക്കാർ മേഖലയിലെ അലോപ്പതി-ആയുഷ്, സ്വകാര്യ ആശുപത്രികളുൾപ്പെടെ എല്ലാത്തരം സ്ഥാപനങ്ങളേയും ഉൾപ്പെടുത്തും. ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ തുടങ്ങി ആരോഗ്യ മേഖലയിലെഎല്ലാത്തരം ജീവനക്കാരേയും ഉൾക്കൊള്ളിച്ചു കൊണ്ടായിരിക്കും വാക്സിനേഷനെന്ന് മന്ത്രി വ്യക്തമാക്കി. ജില്ലകളിൽ കളക്ടർമാർക്കാണ് വാക്‌സിനേഷന്റെ ചുമതല.വാക്സിനേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്ജില്ലാതല കൺട്രോൾ റൂമുകൾ തുടങ്ങും.കോൾഡ് സ്റ്റോറേജ് ശൃംഖല പൂർണസജ്ജമാണ്. കൊവിഡ് വാക്സിനേഷനായി ഇതുവരെ 3,58,574 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *