Breaking News

കടയ്ക്കാവൂർ പോക്‌സോ കേസ്; ഉന്നതതല അന്വേഷണത്തിന് ഉത്തരവ്; ആരോപണങ്ങൾ ഐജി അന്വേഷിക്കും

കടയ്ക്കാവൂർ പോക്‌സോ കേസിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവ്. ഡിജിപിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ആരോപണങ്ങൾ ഐജി അന്വേഷിക്കും. ദക്ഷിണമേഖല ഐജി ഹർഷിത അട്ടല്ലൂരിനാണ് അന്വേഷണ ചുമതല. പൊലീസിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കാൻ നിർദേശം നൽകി.

കേസിൽ പൊലീസിനെതിരെ ആരോപണവുമായി ശിശുക്ഷേമ സമിതി ചെയർപേഴ്‌സൺ എൻ സുനന്ദ രംഗത്തെത്തിയിരുന്നു. എഫ്‌ഐആറിൽ തന്റെ പേര് ഉൾപ്പെടുത്തിയത് വീഴ്ചയാണെന്നായിരുന്നു സുനന്ദയുടെ ആരോപണം. കേസെടുക്കാൻ സിഡബ്ല്യുസി ആവശ്യപ്പെട്ടിട്ടില്ലെന്നും ചെയർപേഴ്‌സൺ പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് കടയ്ക്കാവൂർ പൊലീസ് തയാറാക്കിയ എഫ്‌ഐആറിൽ വിവരം തന്നയാൾ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ എൻ.സുനന്ദയാണ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസെടുക്കാൻ ചൈൽഡ് വെൽഫയർ കമ്മിറ്റി ആവശ്യപ്പെട്ടിട്ടില്ലെന്നും പൊലീസ് ആവശ്യപ്പെട്ടത് പ്രകാരം കുട്ടിക്ക് കൗൺസിലിംഗ് മാത്രമാണ് നൽകിയതെന്നും ചെയർപേഴ്സൺ വ്യക്തമാക്കിയിരുന്നു. പൊലീസിനെതിരെ പരാതി നൽകാനാണ് ശിശുക്ഷേമ സമിതിയുടെ തീരുമാനം.

കടക്കാവൂരിൽ അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. കഴിഞ്ഞ ദിവസം യുവതിയുടെ ഇളയ മകൻ പിതാവ് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് സഹോദരൻ അമ്മയ്ക്കെതിരെ പരാതി പറഞ്ഞതെന്ന് വെളിപ്പെടുത്തിയിരുന്നു. അമ്മയെ ജയിലിലാക്കുമെന്ന് പിതാവ് പറഞ്ഞിരുന്നതായും കുട്ടി പറഞ്ഞു. മകൾ നിരപരാധിയാണെന്ന് വ്യക്തമാക്കി യുവതിയുടെ മാതാവും രംഗത്തെത്തിയിരുന്നു. ഇതോടെ സംഭവത്തിൽ ദുരൂഹത ഉയർന്നു. സംഭവത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *