Breaking News

പ്രിയ രമണിക്കെതിരെ എം ജെ അക്ബർ നൽകിയ മാനനഷ്ടക്കേസ് കോടതി തള്ളി

മുൻ കേന്ദ്രമന്ത്രി എം.ജെ അക്ബർ മാധ്യമപ്രവർത്തക പ്രിയ രമണിക്കെതിരെ നൽകിയ മാനനഷ്ടക്കേസ് തള്ളി ഡൽഹി കോടതി. എം.ജെ അക്ബർ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പ്രിയ രമണി ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് എം.ജെ അക്ബർ മാനനഷ്ടക്കേസ് കൊടുത്തത്. എന്നാൽ ലൈംഗിക പീഡനത്തിന് ഇരയായി എന്ന് തുറന്നു പറയുന്ന സ്ത്രീകളെ ശിക്ഷിക്കാൻ കഴിയില്ലെന്ന് കോടതി വ്യകത്മാക്കി. സ്ത്രീകൾക്ക് അന്തസ്സായി ജീവിക്കാനുള്ള അവകാശത്തെ അവഗണിച്ചുകൊണ്ട് ആരുടെയും മാനത്തെ സംരക്ഷിക്കാനാവില്ല എന്നും കോടതി പറഞ്ഞു.

സ്ത്രീകൾക്ക് തങ്ങളുടെ പരാതികൾ ഏത് ഫോറത്തിനു മുമ്പിലും എപ്പോൾ വേണമെങ്കിലും മുന്നോട്ട് വയ്ക്കാൻ ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു. ലൈംഗിക ചൂഷണ പരാതികൾ ഉന്നയിക്കുന്നതിനുള്ള സംവിധാനങ്ങളുടെ അഭാവം കോടതി ചൂണ്ടിക്കാട്ടി.

“ഉയർന്ന സാമൂഹിക പദവിയിലുള്ള ആളുകളും ലൈംഗിക കുറ്റകൃത്യങ്ങൾ നടത്താറുണ്ട്” എന്ന് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാർ പാണ്ഡെ പറഞ്ഞു. മിക്കപ്പോഴും ലൈംഗിക പീഡനങ്ങൾ പുറത്തറിയാതെ ഇരിക്കുകയോ അവഗണിക്കപ്പെടുകയോ ചെയ്യാറുണ്ട് എന്നും രവീന്ദ്ര കുമാർ പാണ്ഡെ പറഞ്ഞു. ഭൂരിഭാഗം സ്ത്രീകളും തങ്ങൾക്ക് നേരെ ഉണ്ടാവാൻ സാധ്യതയുള്ള സ്വഭാവഹത്യയും ആക്രമണവും ഭയന്ന് പീഡിപ്പിക്കപ്പെട്ടു എന്ന വിവരം തുറന്ന് പറയാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2018 ലെ മീടൂ മൂവ്മെന്റിന്റെ സമയത്ത് തന്റെ മുൻ എഡിറ്റർ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പ്രിയ രമണി ആരോപിച്ചിരുന്നു. ഒരു വർഷം മുമ്പ് താൻ എഴുതിയ ഒരു പത്ര ലേഖനവും പ്രിയ രമണി ട്വീറ്റ് ചെയ്തിരുന്നു, ലേഖനത്തിൽ “മുൻ തൊഴിലുടമ” ഒരു “ലൈംഗിക വേട്ടക്കാരൻ” ആണെന്ന് അവർ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *