Breaking News

‘ശോഭാ സുരേന്ദ്രന്‍ വിഷയം ചര്‍ച്ച ചെയ്യില്ല’, മാധ്യമങ്ങളുടെ അജണ്ടയില്‍ അല്ല പാര്‍ട്ടി യോഗം നടക്കുന്നത്: സുരേന്ദ്രന്‍

കൊച്ചിയില്‍ നടക്കുന്ന ബി.ജെ.പിയുടെ നേതൃയോഗത്തില്‍ ശോഭാ സുരേന്ദ്രന്‍ വിഷയം ചര്‍ച്ചയാകില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. യോഗത്തിലെ ആകെ അജണ്ട തദ്ദേശതെരഞ്ഞെടുപ്പ് മാത്രമാണെന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്. പാര്‍ട്ടിയില്‍ ഒരു തരത്തിലുള്ള ഭിന്നതകളുമില്ലെന്നും അതെല്ലാ മാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശോഭാ സുരേന്ദ്രന്‍ വിഷയം ഇന്നത്തെ ബി.ജെ.പി യോഗത്തില്‍ ചര്‍ച്ചയാകുമോ എന്ന ചോദ്യത്തിന് യോഗത്തിലെ ആകെ അജണ്ട തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമാണെന്നും മറ്റൊന്നും ചര്‍ച്ചയാകില്ലെന്നുമായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്. മാധ്യമങ്ങളുടെ അജണ്ടയില്‍ അല്ല സംസ്ഥാന ഭാരവാഹി യോഗം നടക്കുന്നതെന്നും പാര്‍ട്ടിയുടെ അജണ്ടയ്ക്ക് അനുസരിച്ചാണ് യോഗമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

‘അങ്ങനെയാരു വിഷയം ഇല്ല. നിങ്ങള്‍ ഉണ്ടാക്കുന്ന വിഷയം ചര്‍ച്ച ചെയ്യാനല്ലല്ലോ ഞങ്ങള്‍ ഇരിക്കുന്നത്. എല്ലാ നേതാക്കളേയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. ആരൊക്കെ പങ്കെടുക്കുമെന്ന് യോഗത്തിന് ശേഷം അറിയാം. പാര്‍ട്ടിയില്‍ ഭിന്നതയെന്നത് മാധ്യമസൃഷ്ടി മാത്രമാണ്’, സുരേന്ദ്രന്‍ പറഞ്ഞു. കൊച്ചിയില്‍ നടക്കുന്ന ബി.ജെ.പിയുടെ നേതൃയോഗം ശോഭാ സുരേന്ദ്രന്‍ ബഹിഷ്‌ക്കരിച്ചിട്ടുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിട്ടില്ലാത്തതിനാല്‍ യോഗത്തിന് പങ്കെടുക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് ശോഭാ സുരേന്ദ്രന്‍. യോഗത്തില്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യുമെന്നും പ്രശ്‌നം പരിഹരിക്കാനുള്ള ചര്‍ച്ച നടത്തുമെന്നും യോഗത്തിന് വരണമെന്നും ശോഭാ സുരേന്ദ്രനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു കേരളത്തിന്റെ ചുമതലയുള്ള സി.പി രാധാകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

എന്നാല്‍ പരാതികള്‍ പരിഹരിക്കാതെ യോഗത്തിന് എത്തില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ശോഭ സുരേന്ദ്രന്‍. കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായതിന് ശേഷം പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടികളില്‍ നിന്നും യോഗങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ശോഭ. സി.പി രാധാകൃഷ്ണന്‍ ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ നേതൃയോഗമാണ് ഇന്ന് കൊച്ചിയില്‍ നടക്കുന്നത്. വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പടെ 54 പേരാണ് യോഗത്തില്‍ പങ്കെടുക്കേണ്ടത്. ശോഭാ സുരേന്ദ്രനൊപ്പം പാര്‍ട്ടി ട്രഷറര്‍ ജെ.ആര്‍ പത്മകുമാറും യോഗത്തിനെത്തില്ല. പാര്‍ട്ടി തന്നെ തഴഞ്ഞെന്ന പരാതിയിലാണ് ഇദ്ദേഹവും.

തദ്ദേശതെരഞ്ഞെടുപ്പ് വേളയില്‍ സംസ്ഥാന ബി.ജെ.പിയിലെ ഗ്രൂപ്പ് പോര് പാര്‍ട്ടിക്ക് വലിയ തലവേദനയുണ്ടാക്കുന്നത്.
വ്യക്തിവിരോധം മൂലം കെ.സുരേന്ദ്രന്‍ തന്നെ ഒതുക്കിയെന്ന് ആരോപിച്ച് കേന്ദ്രനേതൃത്വത്തിന് കത്തെഴുതിയ ശോഭ സുരേന്ദ്രന്‍ പ്രശ്‌നപരിഹാരത്തിന് ഉടന്‍ കേന്ദ്ര ഇടപെല്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. അതേസമയം കേരളത്തിലെ പാര്‍ട്ടിയുടെ പ്രധാനപ്പെട്ട ഒരു വനിതാ നേതാവ് പാര്‍ട്ടിയുമായി അകന്ന് നില്‍ക്കുന്നത് തിരിച്ചടിയാണെന്ന വിലയിരുത്തലിലാണ് കേന്ദ്രനേതൃത്വം. ഇന്നത്തെ ചര്‍ച്ചയിലുണ്ടായ തീരുമാനങ്ങള്‍ കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള സി.പി രാധാകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *