Breaking News

മതസ്പർദ്ധ പ്രചരിപ്പിക്കാൻ ശ്രമം; കങ്കണയ്ക്കും സഹോദരിക്കും മൂന്നാം വട്ടം സമൻസ് അയച്ച് മുംബൈ പൊലീസ്

ബോളിവുഡ് നടി കങ്കണ റണാവത്തിനും സഹോദരി രംഗോലി ചന്ദേലിനും മൂന്നാം വട്ടം സമൻസ് അയച്ച് മുംബൈ പൊലീസ്. സമൂഹമാധ്യമങ്ങളിലൂടെ മതസ്പർദ്ധ പ്രചരിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിന്മേലാണ് സഹോദരിമാർക്ക് മൂന്നാമതും മുംബൈ പൊലീസ് സമൻസ് അയച്ചിരിക്കുന്നത്. നവംബർ 23നും 24നും ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ ഹാജരാവണം എന്നാണ് സമൻസ്. മുൻപ് രണ്ട് തവണ സമൻസ് അയച്ചെങ്കിലും ഇരുവരും ഹാജരായിരുന്നില്ല. ഇതിനു പിന്നാലെയാണ് മൂന്നാമതും സമൻസ് അയച്ചത്.

ആദ്യം ഒക്ടോബർ 26, 27 തീയതികളിൽ ഹാജരാവണമെന്ന് സമൻസ് അയച്ച പൊലീസ് പിന്നീട് നവംബർ 9, 10 തീയതികളിൽ ഹാജരാവണം എന്നാവശ്യപ്പെട്ട് രണ്ടാമതൊരു സമൻസ് കൂടി അയച്ചു. എന്നാൽ, കുടുംബത്തിലൊരു കല്യാണം നടക്കുന്നതിനാൽ നവംബർ 15 വരെ തിരക്കായിരിക്കുമെന്ന് കങ്കണ അറിയിച്ചു. തുടർന്നാണ് നവംബർ 23, 24 തീയതികൾ ഹാജരാവണം എന്നാവശ്യപ്പെട്ട് മൂന്നാമതും സമൻസ് അയച്ചത്.

മുംബൈയിലെ ബാന്ദ്ര മെട്രോപോളീറ്റൻ മജിസ്‌ട്രേറ്റ് കോടതിയാണ് കങ്കണയ്ക്കും സഹോദരിക്കുമെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. കാസ്റ്റിംഗ് ഡയറക്ടറായ സഹിൽ അഷറഫലി സയ്യിദാണ് പരാതിക്കാരൻ. കങ്കണ റണാവത്തും സഹോദരി രംഗോലി ചന്ദേലും സമൂഹമാധ്യമങ്ങളിലൂടെയും, അഭിമുഖങ്ങൾ വഴിയും മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചു എന്നാണ് ആരോപണം. പ്രഥമദൃഷ്ട്യാ പരാതിയിൽ കഴമ്പുണ്ടെന്ന് മനസിലാക്കിയാണ് നടിക്കെതിരെ കേസെടുക്കാൻ മുംബൈ പൊലീസിനോട് കോടതി നിർദേശിച്ചത്.

മുംബൈയെ പാക് അധിനിവേശ കശ്മീരായി കങ്കണ വിശേഷിപ്പിച്ചതും, മുംബൈയിലെ ഓഫീസ് പൊളിച്ച സർക്കാർ നടപടി രാമക്ഷേത്രം പൊളിച്ച ബാബറിന്റെ നടപടിക്ക് സമാനമായി എന്ന താരത്തിൻ്റെ പ്രസ്താവനയും വിവാദമായിരുന്നു. ഇത് പിന്നീട് മഹാരാഷ്ട്ര സർക്കാരുമായുള്ള പരസ്യപോരിന് കാരണമാവുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *