Breaking News

ഗവർണറെ തിരിച്ചു വിളിക്കണമെന്ന് വിഡി സതീശൻ; ജനാധിപത്യത്തെ അപമാനിക്കാൻ ഭരണ-പ്രതിപക്ഷ സഖ്യത്തിന്റെ നീക്കമെന്ന് ബിജെപി നേതാക്കൾ, വാക്പോര്

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനായി 23ന് വിളിച്ച് ചേര്‍ക്കാനിരുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണര്‍ക്ക് പിൻതുണയുമായി ബിജെപി നേതാക്കൾ. ഇതോടെ നേതാക്കൾ തമ്മിലുള്ള വാക്പോര് രൂക്ഷമായിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.ഡി.സതീശൻ എംഎൽഎ തുടങ്ങിയവർ ഗവർണറുടെ നടപടിയെ വിമർശിച്ചപ്പോള്‍, കെ.സുരേന്ദ്രൻ, വി.മുരളീധരൻ, ഒ.രാജഗോപാൽ തുടങ്ങിയ ബിജെപി നേതാക്കൾ ഗവർണറെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തി.

ഗവര്‍ണര്‍ അനുമതി നല്‍കാതിരുന്നത് നിര്‍ഭാഗ്യകരമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. അടിയന്തര പ്രധാന്യമില്ലെന്ന സാങ്കേതിക കാരണം പറഞ്ഞ് നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഗവർണറുടെ നടപടി തെറ്റെന്ന് വി.ഡി.സതീശൻ എംഎൽഎയും അഭിപ്രായപ്പെട്ടു. ഗവർണറെ കേന്ദ്ര സർക്കാർ തിരിച്ചു വിളിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഗവർണറുടെ നടപടിയെ സ്വാഗതം ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ജനാധിപത്യത്തെ അപമാനിക്കാനുള്ള ഭരണ-പ്രതിപക്ഷ സഖ്യത്തിന്റെ നീക്കം ഭരണഘടനാവിരുദ്ധമായിരുന്നുവെന്നും ആരോപിച്ചു. ഗവർണറുടെ നടപടി ശരിയാണെന്നു പറഞ്ഞ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, പ്രത്യേക സമ്മേളനത്തിലൂടെ ഭരണപക്ഷം ലക്ഷ്യമിടുന്നത് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്നും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *