Breaking News

‘പാലായിൽ പണാധിപത്യത്തിന് എതിരായ ജനാധിപത്യത്തിന്‍റെ വിജയം:’ മാണി സി കാപ്പൻ

കോട്ടയം: പാലായിലേത് പണാധിപത്യത്തിന് എതിരായ ജനാധിപത്യത്തിന്റെ വിജയമെന്ന് മാണി സി കാപ്പൻ. പാലായില്‍ വിജയം ഉറപ്പാക്കി മുന്നേറുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ഏറ്റവും ഒടുവിലായി റിപ്പോർട്ട് കിട്ടുമ്പോൾ 11,246 വോട്ടുകൾക്ക് മുന്നിലാണ് മാണി സി കാപ്പൻ. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം വരും മുന്‍പ് തന്നെ യുഡിഎഫ് പാളയത്തിലേക്ക് ചേക്കേറിയ മാണി സി കാപ്പനും യുഡിഎഫ് അപമാനിച്ചുവെന്ന് പറഞ്ഞ് ഇടത്തോട്ട് ചാഞ്ഞ ജോസ് കെ മാണിയും നേര്‍ക്കുനേര്‍ നടത്തിയ പോരാട്ടത്തിൽ വലിയ ഭൂരിപക്ഷത്തിനാണ് മാണി സി കാപ്പൻ വിജയക്കൊടി പാറിക്കാൻ ഒരുങ്ങുന്നത്.

ഇടതു പഞ്ചായത്തുകളിൽ പോലും ഭൂരിപക്ഷം നേടിയാണ് മാണി സി കാപ്പന്റെ മുന്നേറ്റം. 52 വർഷത്തോളം കെ എം മാണിയുടെ തട്ടകമായിരുന്നു പാലാ. അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടർന്ന് 2019ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ പാല പിടിച്ചടക്കിയ മാണി സി കാപ്പൻ ഇത്തവണ സീറ്റ് നിഷേധിക്കപ്പെടുമെന്ന് വന്നതോടെയാണ് യുഡിഎഫിലെത്തിയത്. മാണിക്കെതിരെ മുൻപ് മത്സരിച്ചിരുന്ന കാപ്പൻ പാലായിൽ പതുക്കെപ്പതുക്കെ ഭൂരിപക്ഷം കുറച്ചശേഷമാണ് ഉപതെരഞ്ഞെടുപ്പിൽ ടോം പുലിക്കുന്നേലിനെ തോൽപ്പിച്ചത്.

കേരള കോൺഗ്രസിന്റെ മുന്നണിപ്രവേശം തുടർഭരണത്തിലേക്കുള്ള യാത്രയിൽ ഇടതുമുന്നണിക്ക് നേട്ടമായെങ്കിലും മറ്റു സീറ്റുകളിൽ മുന്നേറാൻ കഴിഞ്ഞെങ്കിലും ജോസ് കെ മാണിയെന്ന നായകനുണ്ടായ തിരിച്ചടി കേരള കോൺഗ്രസിനെ വരുംനാളുകളിൽ കൂടുതൽ പ്രതിസന്ധിയാക്കും. ഇത്തവണ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതു മുതല്‍ ശക്തമായി പ്രചാരണമാണ് പാലായില്‍ ഇരു മുന്നണികളും നടത്തിയത്.

ജോസ് കെ മാണിക്ക് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ലഭിച്ച സ്വീകാര്യതയും വലുതായിരുന്നു. പ്രചാരണം അവസാന റൗണ്ടിലേക്ക് കടന്നപ്പോൾ ജോസ് കെ മാണിക്കെതിരെ ജനവികാരമുണ്ടാകുന്നുവെന്ന് മലയോര മേഖലകളിൽ അടക്കം തോന്നിപ്പിച്ചിരുന്നു. പക്ഷേ പരീക്ഷണങ്ങളെ അതിജീവിക്കാന്‍ കേരള കോണ്‍ഗ്രസിന് കഴിഞ്ഞില്ല.

2016 കെ എം മാണിയുടെ തോല്‍വിയായിരുന്നു പലരും പ്രവചിച്ചിരുന്നത്. എന്നാല്‍ മത്സരഫലം വന്നപ്പോള്‍ 4703 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കെഎം മാണി വിജയിച്ചു. കാപ്പന് 54,181 വോട്ടാണ് ലഭിച്ചത്, കെഎം മാണിക്ക് 58,884 വോട്ടും നേടാനായി.
കെ എം മാണിയുടെ മരണത്തെത്തുടര്‍ന്ന് 2019ലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ജോസഫ്- ജോസ് പക്ഷങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍, കേരള കോണ്‍ഗ്രസിന് ചിഹ്നമില്ലാതിരുന്നതും ശക്തനായ സ്ഥാനാര്‍ഥിയുടെ പോരായ്മയുടെ ഇടതിന് തുണയായി.

മാണി സി കാപ്പനൊപ്പമാണ് പാല നിന്നത്. 54,137 വോട്ട് കാപ്പന് ലഭിച്ചു. രണ്ടാമതെത്തിയ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ജോസ് ടോം പുലിക്കുന്നേലിന് നേടാനായത് 51,194 വോട്ടും. പാല ആദ്യമായി മാറി ചിന്തിച്ച തെരഞ്ഞെടുപ്പ് കൂടിയായിരുന്നു 2019 ലേത്.

Leave a Reply

Your email address will not be published. Required fields are marked *