Breaking News

മൂന്ന് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്; വൈഗ വധക്കേസ് പ്രതി സനു മോഹനെ മുംബൈ പൊലീസ് കസ്റ്റഡിയിൽ വാങ്ങി

കൊച്ചി: വൈഗ വധകേസ് പ്രതി സനു മോഹനെ മുംബൈ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. മഹാരാഷ്ട്രയിൽ മൂന്ന് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലാണ് നടപടി. ഇയാൾക്കായി തിങ്കളാഴ്ച, ട്രാൻസിറ്റ് വാറണ്ട് അപേക്ഷ കോടതിയിൽ നൽകിയിരുന്നു. ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായാണ് സനു മോഹനെ ഇന്ന് രാവിലെ പൊലീസ് മുംബൈയിലേക്ക് കൊണ്ടു പോയത്. മുംബൈയിൽനിന്ന് നാലു പേരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ കൊണ്ടുപോകാൻ കൊച്ചിയിലെത്തിയിരുന്നത്.

2017-ലാണ് മഹാരാഷ്ട്ര പൊലീസ് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. 2016-ലായിരുന്നു സംഭവം. പുണെയിൽ ലെയ്ത്ത്, ഇരുമ്പ് ബിസിനസ് നടത്തുന്നതിനിടെ പ്രദേശത്തെ ചിട്ടിക്കമ്പനിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ചിട്ടി വിളിച്ചെടുക്കുകയും പിന്നീട് പണം നൽകാതെ കബളിപ്പിക്കുകയും ചെയ്തെന്നായിരുന്നു കേസ്. വേറെ പലരിൽ നിന്നും ഇയാൾ പണം വാങ്ങിയിരുന്നു. അവർക്കും പണം തിരികെ നല്കിയിട്ടില്ല. ഇതെല്ലാം പല കേസുകളായി മഹാരാഷ്ട്രയിൽ പല കോടതികളിലും നിലനിൽക്കുന്നുണ്ട് . ഈ കേസുകളിലെ ചോദ്യംചെയ്യലും നടപടിക്രമങ്ങളും പെട്ടെന്ന് പൂർത്തിയാക്കിയശേഷം സനു മോഹനെ കൊച്ചിയിൽ എത്തിക്കും.

മഹാരാഷ്ട്രയിലെ കേസിൽ യാതൊരു തുമ്പും കിട്ടാതെ പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്ന ഘട്ടത്തിലാണ് വൈഗ കേസുമായി ബന്ധപ്പെട്ടു കൊണ്ട് കേരള പൊലീസ് അവിടെയെത്തുന്നത്. ഇരു പൊലീസ് സംഘവും ഒരുമിച്ച് നടത്തിയ അന്വേഷണത്തിലാണ് പിന്നീട് സനു മോഹനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തു വരുന്നത്. മഹാരാഷ്ട്ര പൊലീസ് കുറെ നാളുകളായി ഇയാളെ അന്വേഷിച്ച് വരികയായിരുന്നു . മൂന്നു കോടിയുടെ തട്ടിപ്പ് നടത്തിയ ശേഷം അവിടെനിന്ന് മുങ്ങിയ ഇയാളെക്കുറിച്ച് ഒരു വിവരവും പൊലീസിന് ലഭിച്ചിരുന്നില്ല . കേരള പൊലീസ് വൈഗ വധക്കേസുമായി ബന്ധപ്പെട്ട് സനു മോഹനനെയും ഇയാളുടെ ബിസിനസ് ‘ ബന്ധങ്ങളും തിരിഞ്ഞ് പൂനയിൽ എത്തുമ്പോഴാണ് ഇരു സംസ്ഥാനങ്ങളും അന്വേഷിക്കുന്ന ആൾ ഒരാൾ തന്നെയാണെന്ന് വ്യക്തമാക്കുന്നത്.

പിന്നീട് സനു മോഹനെ കർണാടകയിൽ നിന്ന് അറസ്റ്റ് ചെയ്തപ്പോൾ തന്നെ മുംബൈ പൊലീസും ഇയാളെ ആവശ്യപ്പെട്ട് കേരള പൊലീസിനെ സമീപിച്ചിരുന്നു. വൈഗ കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും തെളിവെടുപ്പും പൂർത്തിയായ ശേഷമാണ് ഇപ്പോൾ മുംബൈ പൊലീസിന് സനു മോഹനെ കൈമാറുന്നത്. കോടതിയുടെ നടപടി ക്രമങ്ങൾ പാലിച്ചുകൊണ്ടാണ് അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ കൊണ്ടു പോകുന്നത്. കഴിഞ്ഞദിവസം സനു മോഹൻ്റെ ഫ്ലാറ്റിൽ മുംബൈ പൊലീസ് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ഇയാളുടെ ഡയറികളും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകളും പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

വൈഗ കേസുമായി ബന്ധപ്പെട്ട് പൊലീസിൻറെ ഫോറൻസിക് ഫൊറൻസിക് പരിശോധനയുടെ റിപ്പോർട്ട് ഇതുവരെയും പുറത്തു വിട്ടിട്ടില്ല. അതുപോലെ സനു മോഹൻറെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്തതിന്റെ വിവരങ്ങളും പൊലീസ് രഹസ്യമായി സൂക്ഷിക്കുകയാണ്. ഇതെല്ലാം കേസിൽ നിർണായകമാകും. മഹാരാഷ്ട്രയിൽ അന്വേഷണം നടത്തിയ പൊലീസ് റിപ്പോർട്ടും കേസിൻ്റെ ഗതി നിർണയിക്കും.

Leave a Reply

Your email address will not be published. Required fields are marked *