Breaking News

ഓക്‌സിജന്റെ കാര്യത്തില്‍ ആശ്വാസ കേന്ദ്രമായി കേരളം, അയല്‍ സംസ്ഥാനങ്ങള്‍ക്ക് ഓക്സിജന്‍ നല്‍കി കേരളത്തിന്റെ കൈത്താങ്ങ്

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് അതിവേഗത്തില്‍ പടര്‍ന്നുപിടിച്ചതോടെ പല സംസ്ഥാനങ്ങളിലും ഓക്സിജന്‍ ക്ഷാമം രൂക്ഷമായി. എന്നാല്‍ ഓക്‌സിജന്‍ ലഭ്യതയുടെ കാര്യത്തില്‍ ആശ്വാസത്തിന്റെ തുരുത്തായി മാറിയിരിക്കുകയാണ് കേരളം.

ആവശ്യത്തില്‍ കൂടുതല്‍ ഓക്സിജന്‍ ഉള്ള രാജ്യത്തെ തന്നെ ഏക സംസ്ഥാനം കേരളം ആണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 199 ടണ്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കാനുളള ശേഷിയാണ് കേരളത്തിനുളളത്. ഇപ്പോള്‍ കഞ്ചിക്കോട്ടുളള ഐനോക്സ് 149 ടണ്ണും ചവറയിലെ കെഎംഎംഎല്‍ 6 ടണ്ണും കൊച്ചിയിലെ ബിപിസിഎല്‍ 0.322 ടണ്ണും കൊച്ചി കപ്പല്‍ശാല 5.45 ടണ്ണും എഎസ്യു പ്ലാന്റുകള്‍ 44 ടണ്ണും ആണ് ഉത്പ്പാദിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ 70-80 മെട്രിക് ടണ്‍ ഓക്സിജന്‍ ആണ് കേരളത്തിന് ആവശ്യമുളളത്.

സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ ആവശ്യത്തിന് വേണ്ടി വരുന്നത് 30 മുതല്‍ 35 ടണ്‍ വരെ ഓക്സിജന്‍ ആണ്. മറ്റ് ആവശ്യങ്ങള്‍ക്ക് കേരളത്തിന് വേണ്ടത് 40 മുതല്‍ 45 ടണ്‍ വരെ ഓക്സിജനുമാണ്. രോഗികളുടെ എണ്ണം ഇനിയും ഉയര്‍ന്നാലും കേരളം ഓക്സിജന്‍ ക്ഷാമം നേരിടേണ്ടി വരില്ല എന്നാണ് കരുതുന്നത്. ഏപ്രില്‍ അവസാനത്തില്‍ ഒന്നേ കാല്‍ ലക്ഷം രോഗികള്‍ കേരളത്തിലുണ്ടാകും എന്നാണ് കണക്ക് കൂട്ടല്‍. അങ്ങനെ വന്നാല്‍ 56.35 ടണ്‍ ഓക്സിജന്‍ ആണ് സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ക്കായി വേണ്ടി വരിക. മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടി വരിക 47.16 ടണ്‍ ഓക്സിജനാവും. ഇത് രണ്ടും ചേര്‍ന്നാലും കേരളത്തിന്റെ നിലവിലെ ഓക്സിജന്‍ ഉത്പ്പാദന ശേഷിയുടെ താഴെ മാത്രമേ എത്തുകയുളളൂ.

നിലവില്‍ സംസ്ഥാനത്തിന് ആവശ്യം ഉളളതില്‍ കൂടുതല്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കുന്ന പശ്ചാത്തലത്തില്‍ മറ്റ് സംസ്ഥാനങ്ങളെ സഹായിക്കുകയും ചെയ്യുന്നുണ്ട് കേരളം. തമിഴ്നാടിനും കര്‍ണാടകത്തിനും ഓക്സിജന്‍ നല്‍കിയാണ് കേരളം സഹായഹസ്തം നീട്ടിയിരിക്കുന്നത്. തമിഴ്നാടിന് 80 മുതല്‍ 90 ടണ്‍ വരെയാണ് കേരളം ഓക്സിജന്‍ നല്‍കിയിരിക്കുന്നത്. കര്‍ണാടകത്തിന് 30 മുതല്‍ 40 ടണ്‍ ഓക്സിജന്‍ ആണ് കേരളം നല്‍കിയത്. നേരത്തെ ഗോവയ്ക്കും കേരളം ഓക്സിജന്‍ നല്‍കി സഹായിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *