Breaking News

ബലാത്സംഗത്തിന് ശിക്ഷ ഷണ്ഡീകരണം; നിയമനിർമ്മാണവുമായി പാകിസ്താൻ

ബലാത്സംഗക്കേസിലെ കുറ്റവാളികൾക്ക് ശിക്ഷയായി രാസ ഷണ്ഡീകരണം നടത്താനുള്ള നിയമത്തിന് അനുവാദം നൽകി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വിവിധ രാജ്യാന്തര മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഫെഡറൽ കാബിനറ്റ് മീറ്റിം​ഗിൽ നിയമ മന്ത്രാലയം സമർപ്പിച്ച കരടിന് ഇമ്രാൻ ഖാൻ അനുവാദം നൽകുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അതേസമയം, വാർത്തയിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ബലാത്സംഗ കേസുകളിൽ വേഗം വിധി പറയലും സാക്ഷികളെ സംരക്ഷിക്കലും പൊലീസ് സേനയിൽ കൂടുതൽ വനിതകളെ ഉൾപ്പെടുത്തലും പുതിയ നിയമത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഇത് ഗൗരവമായ ഒരു സംഭവമാണെന്നും ഒട്ടും വൈകാതെ നിയമം നടപ്പാക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ബലാത്സംഗക്കേസിലെ ഇരകൾക്ക് ഭയപ്പാടില്ലാതെ പരാതി നൽകാൻ കഴിയുമെന്നും സർക്കാർ അവരുടെ വ്യക്തിത്വം സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഫെഡറൽ മീറ്റിംഗിനിടെ മന്ത്രിമാരിൽ ചിലർ ബലാത്സംഗക്കേസ് പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, വരിയുടക്കൽ ഒരു തുടക്കമാക്കാം എന്നാണ് തീരുമാനിച്ചിരിക്കുന്നത്. ബലാത്സംഗക്കേസുകളിൽ കടുത്ത ശിക്ഷ തന്നെ നൽകണമെന്നത് കൂട്ടായ തീരുമാനമായിരുന്നു. ഇതാദ്യമായി ട്രാൻസ്ജൻഡർ, കൂട്ടബലാത്സംഗം എന്നീ രണ്ട് പ്രത്യേക വാക്കുകൾ കൂടി ‘ബലാത്സംഗം’ എന്ന വാക്കിൻ്റെ വ്യാഖ്യാനത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ഒപ്പം, ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടോ എന്നറിയാൻ ഡോക്ടർമാർ രണ്ട് വിരലുകൾ കൊണ്ട് നടത്തുന്ന പരിശോധന നിരോധിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *