Breaking News

നിയമസഭയില്‍ പറഞ്ഞ വാക്കിന് വിലയുണ്ടെങ്കില്‍ ജലീൽ രാഷ്ട്രീയ വനവാസത്തിന് പോകേണ്ട സമയമായി; പി കെ ഫിറോസ്

അടുത്ത സര്‍ക്കാരില്‍ മന്ത്രിയാകാന്‍ കെ ടി ജലീലിന് തടസമില്ലെന്ന എ എന്‍ ഷംസീര്‍ എംഎല്‍എയുടെ പരാമര്‍ശത്തോട് പ്രതികരിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. മെയ് രണ്ടിന് വോട്ടെണ്ണുമ്പോള്‍ കേരളത്തില്‍ അധികാരത്തില്‍ വരാന്‍ പോകുന്നത് യുഡിഎഫായിരിക്കുമെന്ന് പി കെ ഫിറോസ് പറഞ്ഞു. തവനൂരില്‍ ജലീല്‍ ജയിക്കുകയും ഇടതുപക്ഷമുന്നണിക്ക് ഭൂരിപക്ഷം ലഭിക്കുകയും ചെയ്താല്‍ മാത്രമല്ലേ മന്ത്രിസഭയെക്കുറിച്ച് ചര്‍ച്ചചെയ്യേണ്ടതുള്ളൂ, അതൊരിക്കലും സംഭവിക്കാന്‍ പോകുന്നില്ലെന്ന് ഫിറോസ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു ഫിറോസിൻറെ പ്രതികരണം.

ലോകായുക്ത വിധി വന്നപ്പോള്‍ തന്നെ മന്ത്രി രാജിവെക്കണം അല്ലെങ്കില്‍ മന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് ആവശ്യം ചെവികൊള്ളാന്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ഒന്നും തയ്യാറായിരുന്നില്ല. നിയമമന്ത്രി പറഞ്ഞത് ഇവിടെ ഒരുപാട് കോടതികളുണ്ട് ആ കോടതികളിലൊക്കെ പോകാം, രാജിവെക്കേണ്ട ആവശ്യമില്ല എന്നാണ്. എന്നാല്‍ ഹൈക്കോടതിയില്‍ വാദം തുടങ്ങിയപ്പോള്‍ തന്നെ ഇത് എതിരാവുമെന്ന് കണ്ടാണ് ഗത്യന്തരമില്ലാതെ മന്ത്രി രാജിവെച്ചത്. ഇപ്പോള്‍ ഹൈക്കോടതിയുടെ വിധി കൂടി പുറത്തുവന്ന സാഹചര്യത്തില്‍ ഇനിയൊരു ന്യായവും നിരത്താന്‍ സാധിക്കുന്നില്ല എന്ന സ്ഥിതിയാണ് മന്ത്രിക്ക് വന്നിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള നിയമസഭയില്‍ ജലീല്‍ പറഞ്ഞത് തെറ്റുചെയ്‌തെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നാണ്. അദ്ദേഹം നിയമസഭയില്‍ പറഞ്ഞ വാക്കിന് എന്തെങ്കിലും വിലയുണ്ടെങ്കില്‍ അദ്ദേഹം രാഷ്ട്രീയ വനവാസത്തിന് പോകേണ്ട സമയമായെന്നും പി കെ ഫിറോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *