Breaking News

പൊലീസ്​ ആക്​ട്​ ഭേദഗതി; അഭിപ്രായസ്വാതന്ത്ര്യത്തിനും നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിനും എതിരല്ലെന്ന് മുഖ്യമന്ത്രി

പുതിയ പോലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തിൽ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ല. മറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

സോഷ്യൽ മീഡിയയുടെ, പ്രത്യേകിച്ച് ചില വ്യക്തിഗത ചാനലുകളുടെ അതിരുവിട്ട ദുരുപയോഗങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാരിന് തുടർച്ചയായി പരാതി ലഭിക്കുന്നുണ്ടായിരുന്നു. ഇങ്ങനെ പരാതി നൽകുന്നവരിൽ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ വരെയുണ്ട്. കുടുംബഭദ്രതയെ പോലും തകർക്കുന്നവിധം മനുഷ്യത്വരഹിതവും നീചവുമായ സൈബർ ആക്രമണം മാധ്യമപ്രവർത്തനത്തിൻ്റെ മറവിൽ ചിലർ നടത്തിയതിൻ്റെ ദൃഷ്ടാന്തങ്ങൾ ഇവർ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

ഒട്ടനവധി കുടുംബങ്ങൾ ഇത്തരം ആക്രമണങ്ങളുടെ ദുരന്തങ്ങൾ അനുഭവിക്കുന്നുണ്ട്. അസത്യം മുതൽ അശ്ലീലം വരെ പ്രയോഗിച്ചുകൊണ്ടുള്ള ആക്രമിച്ചു തകർക്കലായി ഇതുപലപ്പോഴും മാറുന്നുണ്ട്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ, രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ താൽപര്യങ്ങൾ, എന്നിവയൊക്കെ കുടുംബങ്ങളുടെ സ്വസ്ഥ ജീവിതം തകർക്കുന്ന വിധത്തിലുള്ള പ്രതികാര നിർവഹണത്തിനായി ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല. സൈബർ ആക്രമണങ്ങൾ പലയിടത്തും ദാരുണമായ ദുരന്തങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ആക്രമണവിധേയരാകുന്നവർക്ക് എന്താണ് പറയാനുള്ളത് എന്നതു പോലും തമസ്കരിച്ചു കൊണ്ട് നടത്തുന്ന ഇത്തരം ആക്രമണങ്ങൾ വ്യക്തിഗതമായ പകരംവീട്ടലുകൾ അല്ലാതെ മാധ്യമപ്രവർത്തനം ആകുന്നില്ല.

പലപ്പോഴും ഇതിൻ്റെ പിന്നിലുളളത് പണമുണ്ടാക്കാനുള്ള ദുഷ്ടലാക്കാണ്.മാധ്യമ സ്വാതന്ത്ര്യത്തിനൊപ്പം തന്നെ പൗരൻ്റെ വ്യക്തിസ്വാതന്ത്ര്യം, ഭരണഘടന ഉറപ്പു നൽകുന്ന അന്തസ്സ് എന്നിവ സംരക്ഷിക്കുവാനും സർക്കാരിന് ചുമതലയുണ്ട്. മറ്റൊരാളുടെ മൂക്കിൻ തുമ്പു തുടങ്ങുന്നിടത്ത് ഒരുവൻ്റെ സ്വാതന്ത്ര്യം അവസാനിക്കുന്നു എന്ന പ്രശസ്തമായ സങ്കൽപമുണ്ടല്ലോ. കൈവീശാം, എന്നാൽ അത് അപരൻ്റെ മൂക്കിൻ തുമ്പിനിപ്പുറം വരെയാവാനേ സ്വാതന്ത്ര്യമുള്ളൂ. എന്നാൽ ഇതു തുടർച്ചയായി ലംഘിക്കപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിൻ്റെ മറവിൽ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കാനോ വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ മറവിൽ മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കാനോ പാടില്ല. ഇരു സ്വാതന്ത്ര്യങ്ങളും നിലനിർത്തി പോവാൻ സർക്കാർ ബാധ്യസ്ഥമാണ്.

Leave a Reply

Your email address will not be published. Required fields are marked *