Breaking News

ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയിട്ടും രക്ഷയില്ല; വിദ്വേഷ പ്രചരണത്തിന് കങ്കണയ്‌ക്കെതിരെ കേസെടുത്തു

കൊല്‍ക്കത്ത: ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയതിന് പിന്നാലെ വിദ്വേഷ പ്രചരണം നടത്തിയതിന് ബോളിവുഡ് നടി കങ്കണ റണൗത്തിനെതിരെ കേസെടുത്തു. തൃണമൂല്‍ നേതാവ് റിജു ദത്തയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിദ്വേഷ പ്രചരണം നടത്തുകയും സാമുദായിക കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തതിന് കങ്കണക്കെതിരെ കേസ് ഫയല്‍ ചെയ്തുവെന്ന് റിജു ദത്ത പറഞ്ഞു. കര്‍ഷകരെ അപമാനിച്ചതിന് നേരത്തെ കങ്കണക്കെതിരെ കര്‍ണ്ണാടകയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

കങ്കണയ്ക്കെതിരെ ട്വിറ്റര്‍ സ്വീകരിച്ച നടപടിയെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിരവധി മീമുകള്‍ ഉപയോഗിച്ചുകൊണ്ടാണ് ഭൂരിഭാഗവും കങ്കണയ്ക്കെതിരെ രംഗത്തെത്തിയത്. കങ്കണയുടെ അക്കൗണ്ട് പൂട്ടിയതില്‍ നൃത്തം കളിക്കുന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത് മുതല്‍ ഉള്ള ട്രോളും മീമും ട്വിറ്ററില്‍ നിറഞ്ഞിരുന്നു. കങ്കണയുടെ അക്കൗണ്ട് എന്നന്നേക്കും പൂട്ടണേ എന്നാണ് ചിലര്‍ പറഞ്ഞത്.

വിവാദപരമായ ട്വീറ്റിനെ തുടര്‍ന്നാണ് ട്വിറ്റര്‍ കങ്കണയുടെ അക്കൗണ്ട് സസ്പെന്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ബംഗാളിലെ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ആക്രമണത്തെക്കുറിച്ചുള്ള ട്വീറ്റാണ് നടപടിക്ക് കാരണമായതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കങ്കണയുടെ അക്കൗണ്ട് ട്വിറ്റര്‍ സസ്പെന്റ് ചെയ്തതില്‍ പ്രതികരിച്ച് ബോളിവുഡ് നടിമാരും രംഗത്തെത്തിയിരുന്നു. റിച്ച ഛദ്ദ, കൂബ്ര സെയ്ത് തുടങ്ങിയവരാണ് തങ്ങളുടെ പ്രതികരണങ്ങള്‍ ട്വീറ്റ് ചെയ്ത് രംഗത്തെത്തിയത്. വളരെ ആശ്വാസം തോന്നുന്നുവെന്നാണ് നടി കൂബ്ര സെയ്ത് ട്വീറ്റ് ചെയ്തത്.

‘ആര്‍ക്കറിയാം? ഇപ്പോള്‍ ഇതു കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു. ഇതുപോലെ തന്നെ മുന്നോട്ടുപോകു ട്വിറ്റര്‍. അക്കൗണ്ട് പൂട്ടിയത് ടെക്നിക്കല്‍ മിസ്റ്റേക്കായിരുന്നുവെന്ന് ദയവ് ചെയ്ത് പിന്നീട് വന്ന് പറയരുത്’, കൂബ്ര സെയ്ത് ട്വിറ്ററിലെഴുതി.

Leave a Reply

Your email address will not be published. Required fields are marked *