Breaking News

നയിക്കാന്‍ പ്രിയങ്ക; യു.പിയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ്

ലക്‌നൗ: 2022 ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ്. സമാജ്‌വാദി പാര്‍ട്ടി സഖ്യത്തില്‍ നിന്ന് പിന്മാറിയതോടെയാണ് കോണ്‍ഗ്രസിന്റെ നീക്കം. 2017 ല്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യമായിരുന്നു മത്സരിച്ചിരുന്നത്. അതേസമയം കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തെ എ.ഐ.സി.സി സെക്രട്ടറി പ്രിയങ്ക ഗാന്ധിയായിരിക്കും നയിക്കുക. ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ഒരു സീറ്റിലും കോണ്‍ഗ്രസിന് ജയിക്കാനായിരുന്നില്ല.

രണ്ട് സീറ്റില്‍ രണ്ടാമതെത്തിയത് മാത്രമാണ് നേട്ടം. സംസ്ഥാനത്തിന്റെ ചുമതലയുണ്ടായിട്ടും പ്രിയങ്ക ഉപതെരഞ്ഞെടുപ്പില്‍ പ്രചരണത്തിനെത്തിയിരുന്നില്ല. 2019 ഡിസംബറിന് ശേഷം പാര്‍ട്ടി ആസ്ഥാനത്തും പ്രിയങ്ക എത്തിയിരുന്നില്ല. ഫെബ്രുവരിയില്‍ പൗരത്വ ഭേദഗതി വിരുദ്ധ സമരത്തിനും ഹാത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനുമാണ് പ്രിയങ്ക യു.പിയിലെത്തിയത്. നേരത്തെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു മുഖ്യധാരാ പാര്‍ട്ടിയുമായും സഖ്യത്തിലേര്‍പ്പെടില്ലെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞിരുന്നു.

അതേസമയം പ്രാദേശിക പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെടുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും എന്നാല്‍ മുഖ്യധാരാ കക്ഷികളുമായി സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മായാവതിയുടെ ബി.എസ്.പിയുമായോ, കോണ്‍ഗ്രസുമായോ യാതൊരു തരത്തിലും തെരഞ്ഞെടുപ്പ് സഖ്യത്തിലേര്‍പ്പെടില്ലെന്നും അഖിലേഷ് പറഞ്ഞു. തന്റെ അമ്മാവന്‍ കൂടിയായ ശിവപാല്‍ യാദവിന്റെ പ്രഗതിഷീല്‍ സമാജ് വാദി പാര്‍ട്ടിയുമായി ഒരു തെരഞ്ഞെടുപ്പ് സഖ്യം രൂപീകരിക്കുമോ എന്ന ചോദ്യത്തിന്, തങ്ങള്‍ ആ പാര്‍ട്ടിയുമായി യോജിച്ചുപോകുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

ജസ്വന്ത് നഗര്‍ അദ്ദേഹത്തിന്റെ(ശിവ്പാല്‍ യാദവ്) സീറ്റാണ്. ഞങ്ങള്‍ ആ സീറ്റ് അദ്ദേഹത്തിനായി ഒഴിച്ചിട്ടിരിക്കുകയാണ്. വരും നാളുകളില്‍ ആ പാര്‍ട്ടിയില്‍ നിന്ന് ഒരു കാബിനറ്റ് മന്ത്രിയെ ഞങ്ങള്‍ തെരഞ്ഞെടുക്കും- അഖിലേഷ് പറഞ്ഞു. 2022 ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെയാണ് യു.പിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *