Breaking News

അഡ്വ. ജയശങ്കര്‍ ചാനല്‍ ഡിബേറ്റില്‍ പങ്കെടുത്തു എന്നതു കൊണ്ട് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും ഇറങ്ങി പോയതിന് ഷംസീര്‍ എംഎല്‍എയുടെ വിശദീകരണം : ഏഷ്യാനെറ്റിന് മുന്നില്‍ വിനീത വിധേയരായി നില്‍ക്കേണ്ട ഗതികേട് സിപിഎമ്മിനില്ല; ചാനലിന്റെ താരാട്ട് കേട്ടല്ല ഞങ്ങള്‍ വളര്‍ന്നത്

തിരുവനന്തപുരം: അഡ്വ. ജയശങ്കര്‍ ചാനല്‍ ഡിബേറ്റില്‍ പങ്കെടുത്തു എന്നതു കൊണ്ട് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും ഇറങ്ങിപ്പോയ സിപിഎം എംഎല്‍എ എ.എന്‍ ഷംസീറിന്റെ നടപടി ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. അഡ്വ.ജയശങ്കറിനോട് ഏറ്റുമുട്ടാന്‍ ഭയമാണെന്ന തരത്തിലാണ് ഇപ്പോള്‍ സിപിഎം എംഎല്‍എയുടെ ഇറങ്ങിപ്പോക്കിനെപ്പറ്റി പ്രചരിക്കുന്നത്. അതേസമയം എന്തുകൊണ്ടാണ് താന്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ചര്‍ച്ച ബഹിഷ്‌ക്കരിച്ചത് എന്നു വ്യക്തമാക്കി എ എന്‍ ഷംസീര്‍ തന്നെ രംഗത്തുവന്നു.

പാര്‍ട്ടിയുമായി ഏഷ്യാനെറ്റ് ഉണ്ടാക്കിയ ധാരണക്ക് ഘടകവിരുദ്ധമായാണ് ജയശങ്കറിനെ ചര്‍ച്ചക്ക് വിളിച്ചത് എന്നാണ് ഷംസീര്‍ ഉന്നയിക്കുന്ന വാദം. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച ആസൂത്രിതമായിരുന്നു എന്നും അദ്ദേഹം ആരോപിക്കുന്നു. എ ജയശങ്കര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് മുന്‍കൂട്ടി ചാനല്‍ മേധാവികളെ അറിയിച്ചതാണ്. ഏതെങ്കിലും ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്നാല്‍ ഉത്തരം മുട്ടുന്നവരല്ല. ഞങ്ങള്‍ ഉത്തരം പറയാന്‍ സാധിക്കുന്നവരാണ്. ഏഷ്യാനെറ്റിന് മുന്നില്‍ വിനീത വിധേയനായി ഇരിക്കേണ്ട ഗതികേട് കേരളത്തിലെ സിപിഎമ്മിനില്ലെന്നും ഷംസീര്‍ വിശദീകരിക്കുന്നു.

പാലാരിവട്ടംപാലം അഴിമതിയില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ പൊതുമരാമത്ത് മന്ത്രിയുമായ വി.കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത് സംബന്ധിച്ചായിരുന്നു വിനു വി ജോണ്‍ നയിച്ച ചര്‍ച്ച. മുസ്ലിം ലീഗ്, സിപിഎം,ബിജെപി പ്രതിനിധികള്‍ക്ക് പുറമെ എ ജയശങ്കറും പാനലില്‍ ഉണ്ടായിരുന്നു. എ ജയശങ്കറുള്ള ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ഏഷ്യാനെറ്റിനെ പാര്‍ട്ടി നേരത്തേ അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഷംസീര്‍ ചര്‍ച്ച ബഹിഷ്‌കരിക്കുകയായിരുന്നു. ഈ നടപടി സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *