Breaking News

ഹൃദയാഘാതം; സൗരവ് ഗാംഗുലി ആശുപത്രിയില്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്ത വുഡ്ലാന്‍ഡ് ആശുപത്രിയിലാണ് ഗാംഗുലിലെ പ്രവേശിപ്പിച്ചിരിക്കുന്നത്. താരം ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി എന്നാണ് സൂചന.

വീട്ടിലെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്തു കൊണ്ടിരിക്കെയാണ് താരത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തൊട്ടുപിന്നാലെ ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. അതേസമയം, ഗാംഗുലിയുടെ നില തൃപ്തികരമാണെന്നാണ് വിവരം.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. ഗാംഗുലി വേഗം സുഖം പ്രാപിക്കട്ടെ എന്നും മമത ആശംസിച്ചു. നിലവില്‍ അദ്ദേഹം ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നീരിക്ഷണത്തിലാണ്.

കഴിഞ്ഞദിവസം ഗാംഗുലി ഈഡന്‍ ഗാര്‍ഡന്‍സ് സ്‌റ്റേഡിയം സന്ദര്‍ശിച്ചിരുന്നു. ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍ പ്രസിഡന്റ് അവിഷെക് ദാല്‍മിയയുമായി സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റിന് വേണ്ടിയുള്ള ഒരുക്കങ്ങളും അദ്ദേഹം ചര്‍ച്ച ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *