Breaking News

ഇന്ന് രാമനവമി; അറിയാം ശുഭമുഹൂര്‍ത്തങ്ങളും പൂജാ വിധികളെ കുറിച്ചും

മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരം അയോധ്യയില്‍ ജനിച്ച ശ്രീരാമന്റെ ജന്മദിനമാണ് രാമനവമിയായി ആഘോഷിച്ചു വരുന്നത്. ഈ ആഘോഷത്തെ ചൈത്രനവമി എന്നും വസന്തോത്സവമെന്നും പറയാറുണ്ട്. ഹിന്ദു കലണ്ടറിനെ അടിസ്ഥാനമാക്കി പറയുകയാണെങ്കില്‍ ചൈത്ര മാസത്തിലെ ഒമ്പതാം ദിവസത്തില്‍ ശുക്ല പക്ഷത്തിലാണ് ശ്രീരാമ നവമി ആഘോഷിക്കുന്നത്. ദശരഥന്റെയും കൗസല്യയുടെയും ആദ്യ പുത്രനായ ശ്രീരാമനെ ആരാധിയ്ക്കുന്നതിനായി വിശ്വാസികള്‍ തിരഞ്ഞെടുക്കുന്ന ഏറ്റവും പുണ്യമായ ദിനം കൂടിയാണ് രാമ നവമി.

നീണ്ട ഒമ്പത് ദിവസത്തെ ആഘോഷങ്ങളാണ് രാമനവമിക്കുള്ളത്. ഈ ദിനങ്ങളില്‍ വിവിധ മന്ത്രങ്ങളാല്‍ പൂജകളും അര്‍ച്ചനകളും നടത്തുകയും ക്ഷേത്രങ്ങളും പരിസരങ്ങളും വളരെ വര്‍ണാഭമായി അലങ്കരിക്കുകയും ഒപ്പം ശ്രീരാമന്റെ ശിശുരൂപത്തിലുള്ള വിഗ്രഹങ്ങള്‍ ഉണ്ടാക്കി അതിനെ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. കോവിഡ് മഹാമാരി വ്യാപിച്ചിരിക്കുന്നതിനാല്‍ ഇത്തവണ വലിയ ആഘോഷങ്ങളൊന്നുമില്ലാതെയാണ് രാമനവമി കടന്നു പോകുന്നത്.

ഇത്തവണത്തെ പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങള്‍

ഈ വര്‍ഷത്തെ രാമനവമി ഏപ്രില്‍ 21, ബുധനാഴ്ചയാണ്.

രാമനവമി മധ്യാഹ്നത്തിന്റെ മുഹൂര്‍ത്തം രാവിലെ 10.19-ന് തുടങ്ങി 12.52-ന് അവസാനിക്കും.

രാമനവമി മധ്യാഹ്നം രാവിലെ 11.35-നാണ്.

രാമനവമിയുടെ മുഹൂര്‍ത്തം ഏപ്രില്‍ 21-ന് അര്‍ദ്ധരാത്രി 12.43-ന് ആരംഭിച്ച് ഏപ്രില്‍ 22-ന് അര്‍ദ്ധരാത്രി 12.35-ന് അവസാനിക്കും.

ഈ ദിവസങ്ങളില്‍ പ്രാര്‍ത്ഥനകള്‍ വ്രതശുദ്ധിയോടെ വേണം നടത്താന്‍. ചിലയിടങ്ങളില്‍ ഈ ദിനത്തെ ശ്രീരാമ-സീത വിവാഹ ദിനമായിട്ടും കണക്കാക്കുന്നു. അതുകൊണ്ടുതന്നെ ഈ ദിനം വിവാഹം നടത്തുന്നത് ഉത്തമമാണെന്നും അതുപോലെ ഭാര്യ ഭര്‍ത്താക്കന്മാര്‍ ഈ ദിവസത്തില്‍ പ്രാര്‍ഥനയും ഉപവാസവുമായി കഴിയുന്നതും ഉത്തമമാണ്.
ഈ ദിനങ്ങളില്‍ ആദ്യം സൂര്യനെ വന്ദിച്ചുവേണം തുടങ്ങാന്‍. കൂടാതെ ഈ ദിനങ്ങളില്‍ രാമന്‍, ലക്ഷ്മണന്‍, സീത, ഹനുമാന്‍ തുടങ്ങിയവരെ ധ്യാനിക്കുന്നതും രാമായണവും അതുപോലെ മറ്റ് വേദഗ്രന്ഥങ്ങളോ വായിക്കുന്നതും നല്ലതാണ്.

രാമേശ്വരത്ത് സ്ഥിതി ചെയ്യുന്ന കോദണഡരാമര്‍ ക്ഷേത്രം, സേലത്തെ പ്രസിദ്ധമായ ശ്രീരാമ ക്ഷേത്രം, തമിഴ്‌നാട്ടിലെ മുടികോണ്ടന്‍ കോദ ണഡരാമര്‍ ക്ഷേത്രം, കുംഭകോണത്തെ കൊളവില്ലി രാമന്‍ ക്ഷേത്രം തുടങ്ങിയവ ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ രാമ ക്ഷേത്രങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *