തിരുവനന്തപുരം: 2021 ൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രകടനപത്രികയിൽ പൊതുജനങ്ങളുടെ നിർദ്ദേശങ്ങളും ഉൾപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരുമ, കരുതല്‍, വികസനം എന്നിവയ്ക്ക് മുന്‍ഗണന നല്‍കും എന്ന് പറഞ്ഞ ചെന്നിത്തല പ്രകടനപത്രിക തയ്യാറാക്കാൻ പ്രകടനപത്രികാ കമ്മിറ്റി ജനങ്ങളെ നേരിട്ട് കാണും എന്നും അറിയിച്ചു. പ്രകടനപത്രികയിലേക്ക് നിർദ്ദേശങ്ങൾ ആര്‍ക്കും peoplesmanifesto2021@gmail.com എന്ന ഇ മെയിലിലേക്കും അയക്കാം.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സര്‍ക്കാരിന്റെ കൂടുതല്‍ കൈത്താങ്ങ്, നിക്ഷേപം, തൊഴില്‍, കാരുണ്യകേരളം എന്നീ നാലു തത്വങ്ങള്‍ നടപ്പാക്കും.ദാരിദ്ര്യത്തിനെതിരെയുള്ള അവസാന പ്രഹരമെന്ന വിശേഷണത്തോടെ മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മുന്നോട്ടുവച്ച പദ്ധതിയായ ന്യായ് അഥവാ മിനിമം വരുമാന പദ്ധതി നടപ്പാക്കും. ഇതിൻ്റെ ഭാഗമായി പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടില്‍ പ്രതിമാസം 6000 രൂപ നിക്ഷേപിക്കും.
സൗജന്യ ചികില്‍സയ്ക്കായി കൂടുതല്‍ ബിൽ രഹിത ആശുപത്രികള്‍ കൊണ്ടുവരും. ഇതൊക്കെയാണ് യുഡിഎഫ് പ്രകടനപത്രികയിലുള്ള പ്രധാന വാഗ്ദാനങ്ങൾ. പൊതുജനങ്ങൾക്ക് പ്രകടനപത്രികയില്‍ ഉൾപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ ഇമെയില്‍ വഴി സ്വീകരിക്കും അതുകൂടി പരിശോധിച്ച ശേഷമായിരിക്കും അവസാന പ്രകടനപത്രിക പ്രസിദ്ധീകരിക്കുന്നത്.