Breaking News

തിരുവല്ല ബിഡിജെഎസില്‍ നിന്ന് ബിജെപി ഏറ്റെടുത്തേക്കും

തിരുവല്ല മണ്ഡലം ഇത്തവണ ബിഡിജെഎസില്‍ നിന്ന് ബിജെപി ഏറ്റെടുത്തേക്കും. മണ്ഡലം വിട്ട് നല്‍കാന്‍ ബിഡിജെഎസ് തയാറാണെന്നാണ് സൂചന. പകരം പത്തനംതിട്ട ജില്ലയിലെ മറ്റൊരു മണ്ഡലം ആവശ്യപ്പെടാനാണ് തീരുമാനം.

പാര്‍ട്ടിയുടെ കണക്ക് കൂട്ടലുകളില്‍ ബിജെപിക്ക് കാര്യമായ പ്രതീക്ഷ നല്‍കുന്ന മണ്ഡലമാണ് തിരുവല്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലവും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവല്ലയില്‍ മാത്രം കെ സുരേന്ദ്രന്‍ നേടിയ 40186 വോട്ടുമാണ് ബിജെപി ക്യാമ്പിന്റെ ആത്മവിശ്വാസം കൂട്ടുന്നത്. ഇത് മുന്‍നിര്‍ത്തിയാണ് ഘടകക്ഷിയുടെ അക്കൗണ്ടിലുള്ള മണ്ഡലത്തില്‍ താമര പരീക്ഷണമെന്ന ആവശ്യമുയര്‍ന്നത്.

കഴിഞ്ഞ തവണ ബിഡിജെഎസ് ടിക്കറ്റില്‍ ഇറങ്ങി 31439 വോട്ട് നേടിയ അക്കീരമണ്‍ കാളിദാസ ഭട്ടതിരി പാര്‍ട്ടി വിട്ടതോടെ ബിഡിജെഎസും മണ്ഡലം വിട്ടുനല്‍കാമെന്ന നിലപാടിലാണ്. യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി ഏറെകുറെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചു. അനൂപ് ആന്റണി മാസങ്ങള്‍ക്ക് മുന്‍പേ മണ്ഡലത്തില്‍ സജീവമാണ്.

ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ അടൂര്‍, തിരുവല്ല, ആറന്മുള എന്നിവ എ ക്ലാസ് മണ്ഡലമായാണ് ബിജെപി കാണക്കാക്കുന്നത്. അടൂരില്‍ പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷിനെയും ആറന്മുളയില്‍ സുരേഷ് ഗോപി എംപി, ബിജെപി ജില്ലാ അധ്യക്ഷന്‍ അശോകന്‍ കുളനട തുടങ്ങിയവരില്‍ ആരേയെങ്കിലും മത്സരിപ്പിച്ച് താമര വിരിയിക്കാനാണ് പാര്‍ട്ടി തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *