Breaking News

പ്രതിസന്ധികളിൽ ഇന്ത്യ നമ്മളെ സഹായിച്ചവര്‍, അവരെ സഹായിക്കണം: ചാൾസ് രാജകുമാരൻ

കോവിഡ് ക്രമാതീതമായി ഉയരുന്ന ഈ അവസരത്തിൽ ഇന്ത്യയെ സഹായിക്കണമെന്ന് ജനങ്ങളോട് അഭ്യർഥിച്ച് ചാള്‍സ് രാജകുമാരൻ. പ്രതിസന്ധി സമയത്ത് ഇന്ത്യ ലോകരാജ്യങ്ങളെ സഹായിച്ചവരാണെന്നും അതുപോലെ ഇപ്പോൾ തിരിച്ചു സഹായിക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു. ക്ലാരെന്‍സ് ഹൗസ് പുറത്തിറക്കിയ പ്രിന്‍സ് ചാള്‍സിന്റെ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഒപ്പം ഇന്ത്യയുമായുള്ള ബന്ധവും സൗഹൃദവും അദ്ദേഹം തുറന്നുപറയുന്നു. ‘എല്ലാവരെയും പോലെ എനിക്കും ഏറെ പ്രിയപ്പെട്ട രാജ്യമാണ് ഇന്ത്യ. അവിടേക്ക് നടത്തിയ യാത്രകൾ ഏറെ ആസ്വദിച്ചിട്ടുണ്ട്. ലോകരാജ്യങ്ങൾ പ്രതിസന്ധി നേരിടുമ്പോൾ ഇന്ത്യ സഹായവുമായി എത്തിയിട്ടുണ്ട്. ഇപ്പോൾ ഇന്ത്യയെ സഹായിക്കേണ്ട സമയമാണ്. നമ്മൾ ഒരുമിച്ച് ഈ യുദ്ധം ജയിക്കും.’ അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.

ഒട്ടേറെ ലോകരാജ്യങ്ങൾ ഇന്ത്യയ്ക്ക് സഹായവുമായി രംഗത്തുവന്നിട്ടുണ്ട്. ഒരു മില്യൺ ന്യൂസീലൻഡ് ഡോളറിന്‍റെ സഹായം ഇന്ത്യയ്ക്ക് നൽകുകയാണെന്ന് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡേന്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന റെഡ് ക്രോസ് സൊസൈറ്റിക്കാകും ഈ തുക നൽകുക. ഇതു ഉപയോഗിച്ച് ഓക്സിജൻ അടക്കമുള്ള കോവിഡ് പ്രതിരോധപ്രവർത്തനത്തിന് ആവശ്യമുള്ളവ വാങ്ങി വിതരണം ചെയ്യും. കോവിഡിന്റെ ഇന്ത്യയിലെ അവസ്ഥകൾ വിലയിരുത്തി ഇനിയും സഹായം എത്തിക്കുമെന്നും ജെസീന്ത പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *