Breaking News

ട്രംപ് തോല്‍വി സമ്മതിച്ചില്ലെങ്കിലും പ്രസിഡണ്ടിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബൈഡന് നല്‍കുമെന്ന് ട്വിറ്റര്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് നിയുക്ത പ്രസിഡണ്ട് ജോ ബൈഡന് നല്‍കുമെന്ന് ട്വിറ്റര്‍. ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സ്ഥാനമൊഴിയാന്‍ ഡൊണാള്‍ഡ് ട്രംപ് വിസമ്മതിക്കുന്ന സാഹചര്യത്തിലാണ് ട്വിറ്റര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് @POTUS എന്നതാണ്. സത്യപ്രതിജ്ഞാ സമയത്തും തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിക്കാന്‍ ട്രംപ് തയ്യാറായില്ലെങ്കിലും പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബൈഡന് കൈമാറുമെന്നാണ് ട്വിറ്റര്‍ വ്യക്തമാക്കുന്നത്. ബൈഡന്‍ ചുമതലയേല്‍ക്കുന്ന 2021 ജനുവരി 20 മുതല്‍ വൈറ്റ് ഹൗസിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുതിയ പ്രസിഡന്റിന് കൈമാറാനുള്ള തയ്യാറെടുപ്പുകള്‍ ട്വിറ്റര്‍ നടത്തിവരികയാണ്. 2017ല്‍ പ്രസിഡന്റിന്റെ അധികാര കൈമാറ്റ സമയത്തെ നടപടിക്രമങ്ങള്‍ തന്നെയായിരിക്കും ഇത്തവണയും പിന്തുടരുകയെന്നാണ് റിപ്പോര്‍ട്ട്.

വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട മറ്റ് ട്വിറ്റര്‍ അക്കൗണ്ടുകളായ @whitehouse, @VP, @FLOTUS എന്നിവയുടെ ഉടമസ്ഥതയും ബൈഡന്‍ സ്ഥാനമേല്‍ക്കുന്നതോടെ പുതിയ പ്രസിഡന്റിന്റെ ഓഫീസിന് കൈമാറും. അതേസമയം, പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടാലും ട്രംപിന് @realDonaldTrump എന്ന അക്കൗണ്ട് തുടര്‍ന്നും ഉപയോഗിക്കാനാവും. എന്നാല്‍ ലഭിച്ചുവന്നിരുന്ന പ്രത്യേക പരിഗണന ട്രംപിന്റെ ഈ സ്വകാര്യ അക്കൗണ്ടിന് ഇതോടെ നഷ്ടമാകും. ജോ ബൈഡന്റെ വിജയം ചോദ്യം ചെയ്ത് കൊണ്ടുള്ള ഹരജികള്‍ വിവിധ കോടതികള്‍ തള്ളിയിട്ടും താനാണ് വിജയിച്ചതെന്ന നിലപാടിലാണ് ട്രംപ് നില്‍ക്കുന്നത്. റിപ്പബ്ലിക്കന്‍ വോട്ടുകള്‍ മറിച്ചുവെന്നും തെരഞ്ഞെടുപ്പില്‍ വ്യാപകമായ അട്ടിമറി നടന്നുവെന്നുമാണ് ട്രംപ് വീണ്ടും ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *