Breaking News

ചരിത്ര നേട്ടത്തില്‍ ഇസ്രൊ; എസ്എസ്എല്‍വി ഡി2 വിക്ഷേപിച്ചു; ദൗത്യം വിജയകരം

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ പേടകം എസ്എസ്എല്‍വി ഡി2 വിജയകരമായി വിക്ഷേപിച്ചു. രാവിലെ 9.18ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് എസ്എസ്എല്‍വി വിക്ഷേപിച്ചത്. പേടകത്തിന്റെ രണ്ടാം ദൗത്യമാണ് ഇന്ന് നടന്നത്. ദൗത്യം വിജയകരമായി പൂര്‍ത്തിയായെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

ഭൗമ നിരീക്ഷണ ഉപഗ്രഹം-02 (ഇ.ഒ.എസ് -07), അമേരിക്കന്‍ ഉപഗ്രഹം ജാനസ് 1, ‘സ്‌പേസ് കിഡ്‌സ് ഇന്ത്യ’ വിദ്യാര്‍ഥി സംഘം നിര്‍മിച്ച ഉപഗ്രഹം ‘ആസാദിസാറ്റ്2’ എന്നീ മൂന്ന് ഉപഗ്രഹങ്ങളാണ് എസ്എസ്എല്‍വി ഭ്രമണപഥത്തില്‍ എത്തിച്ചത്.

2022 ആഗസ്റ്റ് ഏഴിന് നടന്ന എസ്എസ്എല്‍വിയുടെ ആദ്യ ദൗത്യം സാങ്കേതിക തകരാറിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. വിക്ഷേപണത്തിന്റെ ആദ്യ മൂന്ന് ഘട്ടങ്ങള്‍ വിജയകരമായിരുന്നെങ്കിലും സിഗ്‌നല്‍ നഷ്ടപ്പെടുകയായിരുന്നു.