Breaking News

എന്നെ ഒഴിവാക്കിയതല്ല, ആര്യൻ ഖാൻ കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ഞാനാണ് അഭ്യർത്ഥിച്ചത്: സമീർ വാങ്കഡെ

ആര്യൻ ഖാൻ കേസിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയെ കഴിഞ്ഞ ദിവസം നീക്കിയിരുന്നു. എന്നാൽ താൻ എൻ‌സി‌ബിയുടെ മുംബൈ യൂണിറ്റിന്റെ സോണൽ ഡയറക്ടറാണെന്നും അങ്ങനെ തന്നെ തുടരുമെന്നും തന്നെ ആ സ്ഥാനത്ത് നിന്ന് നീക്കിയിട്ടില്ല എന്നും സമീർ വാങ്കഡെ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

ആര്യൻ ഖാൻ കേസ് കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് താൻ അഭ്യർത്ഥിച്ചിരുന്നതായി സമീർ വാങ്കഡെ വ്യക്തമാക്കി. “ആര്യൻ ഖാൻ കേസും നവാബ് മാലിക്കിന്റെ ആരോപണങ്ങളും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ഞാനും അഭ്യർത്ഥിച്ചിരുന്നു. അതിനാൽ, ഡൽഹിയിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം ഇപ്പോൾ അന്വേഷണം നടത്തുന്നത് നല്ലതാണ്,” ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ സമീർ വാങ്കഡെ പറഞ്ഞു.

“എന്നെ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. വിഷയം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നത് കോടതിയിൽ എന്റെ റിട്ട് ഹർജിയായിരുന്നു. അതിനാൽ ആര്യൻ കേസും സമീർ ഖാൻ കേസും ഡൽഹി എൻസിബിയാണ് അന്വേഷിക്കുന്നത്. ഡൽഹിയിലെ എൻസിബി സംഘവും മുംബൈയിലെ സംഘവും തമ്മിലുള്ള ഏകോപനമാണിത്,” സമീർ വാങ്കഡെയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. മയക്കുമരുന്നിനെതിരെയുള്ള പ്രവർത്തനങ്ങളിൽ താൻ തുടർന്നും പ്രവർത്തിക്കുമെന്നും സമീർ വാങ്കഡെ കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച വൈകുന്നേരം, ആര്യൻ ഖാൻ കേസ് ഉൾപ്പെടെ ആറ് കേസുകൾ എൻസിബിയുടെ മുംബൈ സോണിൽ നിന്ന് സെൻട്രൽ സോണിലേക്ക് മാറ്റി. എൻസിബിയുടെ സെൻട്രൽ യൂണിറ്റിന്റെ ഡെപ്യൂട്ടി ഡയറക്ടർ ജനറലായ സഞ്ജയ് സിംഗ് ഇനി അഞ്ച് കേസുകളുടെയും സൂപ്പർവൈസിംഗ് ഓഫീസറായിരിക്കും. എൻസിബിയുടെ മുംബൈ യൂണിറ്റിന്റെ സോണൽ ഡയറക്ടറായ സമീർ വാങ്കഡെ ഇനി ഈ കേസുകളുടെ ചുമതല വഹിക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *