Breaking News

ആവശ്യമെങ്കില്‍ കാര്‍ഷിക നിയമങ്ങള്‍ വീണ്ടും കൊണ്ടുവരും: സാക്ഷി മഹാരാജ് എം.പി

കാര്‍ഷിക നിയമങ്ങള്‍ ആവശ്യമെങ്കില്‍ വീണ്ടും നടപ്പിലാക്കുമെന്ന് ബിജെപി എം.പി സാക്ഷി മഹാരാജ്. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആവശ്യമെങ്കില്‍ ഇനിയും നിയമം നിര്‍മ്മാണം നടത്തുമെന്ന് ഉന്നാവോ എം.പിയായ സാക്ഷി മഹാരാജ് പറഞ്ഞത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതെന്ന പ്രതിപക്ഷത്തിന്റെ വാദം അദ്ദേഹം തള്ളി.

‘ബില്ലുകള്‍ക്ക് തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല. പ്രധാനമന്ത്രി മോദിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രമാണ് ഒന്നാമത്. ബില്ലുകള്‍ നിര്‍മ്മിക്കും, അവ റദ്ദാക്കും, ചിലപ്പോള്‍ അവ വീണ്ടും കൊണ്ടുവരും, വീണ്ടും പുനര്‍നിര്‍മ്മിക്കും. ബില്ലുകള്‍ക്ക് മുകളില്‍ രാജ്യത്തെ തിരഞ്ഞെടുത്തതിന് ഞാന്‍ പ്രധാനമന്ത്രിക്ക് നന്ദി പറയുന്നു. തെറ്റായ ഉദ്ദേശങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കി, മഹാരാജ് പറഞ്ഞു. പാകിസ്താന്‍ സിന്ദാബാദ്, ഖാലിസ്താന്‍ സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയവര്‍ക്ക് പ്രധാനമന്ത്രി തക്കതായ മറുപടി നല്‍കി.

യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ 403 സീറ്റില്‍ 300 ല്‍ അധികം സീറ്റ് നേടി ബിജെപി അധികാരം നിലനിര്‍ത്തും. മോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പകരമായി രാജ്യത്ത് ആരും തന്നെയില്ല, അദ്ദേഹം പറഞ്ഞു.

അതേസമയം കാര്‍ഷിക നിയമങ്ങള്‍ തിരിച്ചു കൊണ്ടുവരും എന്ന് സൂചിപ്പിക്കുന്ന പ്രസാതാവനകള്‍ വിവിധ ബിജെപി നേതാക്കള്‍ നടത്തിയട്ടുണ്ട്. സാക്ഷി മഹാരാജിന് പുറമേ രാജസ്ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്രയും സമാന പ്രസ്താവന നടത്തിയിരുന്നു. ഇതോടെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നു എന്ന പ്രസ്താവന സത്യസന്ധമല്ലെന്ന് തെളിഞ്ഞുവെന്ന് സമാജ്വാദി പാര്‍ട്ടി ട്വീറ്റ് ചെയ്തു.

വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുമെന്ന് വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. നവംബര്‍ 29 മുതല്‍ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ മൂന്ന് നിയമങ്ങളും റദ്ദാക്കാനുള്ള ഭരണഘടനാപരമായ നടപടികള്‍ കേന്ദ്രം സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമരം അവസാനിപ്പിച്ച് ഒരു പുതിയ തുടക്കത്തിനായി വീട്ടിലേക്ക് മടങ്ങാന്‍ പ്രതിഷേധിക്കുന്ന കര്‍ഷകരോട് പ്രധാനമന്ത്രി മോദി അഭ്യര്‍ത്ഥിച്ചെങ്കിലും, പാര്‍ലമെന്റില്‍ കാര്‍ഷിക നിയമം പിന്‍വലിക്കുന്നതുവരെ സമരം തുടരാനാണ് കര്‍ഷകരുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *