Breaking News

നടിയെ ആക്രമിച്ച കേസ്; ‘വിവോ ഫോണ്‍ ആരുടേത്’, ദൃശ്യങ്ങള്‍ കണ്ടവരെ കണ്ടെത്തണമെന്ന് കോടതി

നടിയെ ആക്രമിച്ച കേസില്‍ ആക്രമണ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ആരൊക്കെയാണ് കണ്ടതെന്ന് കണ്ടെത്തണമെന്ന് വിചാരണക്കോടതി. ദൃശ്യങ്ങള്‍ വിചാരണാ ഘട്ടത്തില്‍ മാത്രമാണ് കോടതി പരിശോധിച്ചത്. അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുവദിച്ചിരുന്നില്ല. അവരോട് ‘ബിഗ് നോ’ ആണ് പറഞ്ഞതെന്നും കോടതി പറഞ്ഞു.

മെമ്മറി കാര്‍ഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മാത്രമാണ് കൈകാര്യം ചെയ്തത്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ ആരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തരുത്. വിവോ ഫോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പരിശോധിച്ചവരെ കണ്ടെത്തണം. ജിയോ സിമ്മുള്ള വിവോ ഫോണ്‍ ആരുടേതാണെന്നും കോടതി ചോദിച്ചു.

അതേസമയം തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടിയതായി അന്വേഷണ സംഘം കോടതിയെ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശമുണ്ടോയെന്നായിരുന്നു ഇതിനോട് കോടതിയുടെ മറുപടി. കേസ് ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മൂന്ന് തവണ മാറിയിട്ടുണ്ടെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്. മജിസ്‌ട്രേറ്റ് കോടതിയിലും ജില്ലാ കോടതിയിലും വിചാരണ കോടതിയിലും മെമ്മറി കാര്‍ഡ് തുറന്നുപരിശോധിച്ചു എന്നാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.

2021 ജൂലൈ 19 ന് ഉച്ചയ്ക്ക് 12.19 മുതല്‍ 12: 54 വരെയുളള സമയത്താണ് മെമ്മറി കാര്‍ഡ് അവസാനമായി പരിശോധിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവോ ഫോണില്‍ കാര്‍ഡിട്ടാണ് പരിശോധിച്ചത്. വാട്ട്‌സാപ്പ്, ടെലിഗ്രാം അടക്കമുളള സാമുഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ഫോണിലാണ് മെമ്മറി കാര്‍ഡ് ഇട്ടതെന്നും പരിശോധനാ ഫലത്തില്‍ പറയുന്നു.