Breaking News

മുട്ടില്‍ മരം മുറിക്കേസില്‍ അഗസ്റ്റിന്‍ സഹോദരങ്ങളെ രക്ഷിച്ചെടുക്കാന്‍ നീക്കം; കോടികള്‍ പിഴയടപ്പിക്കാതെ കൈകഴുകി; നടപടികള്‍ വൈകിപ്പിച്ച് റവന്യൂ വകുപ്പ്

വിവാദമായ മുട്ടില്‍ മരം മുറിക്കേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്‍മാരെ സംരക്ഷിക്കാന്‍ റവന്യൂവകുപ്പ് നടപടികള്‍ വൈകിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കേരള ലാന്‍ഡ് കണ്‍സെര്‍വന്‍സി ആക്ട് പ്രകാരം പിഴയിടാക്കാനുള്ള നടപടികളാണ് രണ്ട് വര്‍ഷം കഴിയുമ്പോഴും റവന്യൂ വകുപ്പ് പൂര്‍ത്തിയാക്കിയിട്ടില്ല. മുട്ടില്‍ മരംമുറിക്കേസില്‍ എട്ട് കോടിയുടെ മരമാണ് ആന്റോ അഗസ്റ്റിന്‍, ജോസൂട്ടി അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്ന് മുറിച്ചു കടത്തിയത്. 500 വര്‍ഷം വരെ പഴക്കമുള്ള മരങ്ങള്‍ മുറിച്ചവയില്‍ ഉണ്ടെന്നാണ് ഡിഎന്‍എ പരിശോധനാ ഫലം. 24 കോടി രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണ് പ്രതികള്‍ ചെയ്തത്. എന്നിട്ടും റവന്യൂ വകുപ്പിന് അനക്കമില്ല.

സര്‍ക്കാര്‍ ഭൂമിയിലെ മരംമുറിച്ചാല്‍, കേരള ലാന്‍സ് കണ്‍സെര്‍വന്‍സി ആക്ട് പ്രകാരം റവന്യൂവകുപ്പ് നടപടി സ്വീകരിക്കണം എന്നാണ് നിയമം. മരത്തിന്റെ ഗുണം, ആയുസ് എന്നിവയെല്ലാം കണക്കാക്കി മൂല്യം നിശ്ചയിക്കണം. ശേഷം മൂന്നിരട്ടിവരെ പിഴ ചുമത്താം. എന്നാല്‍ മുട്ടില്‍ മരംമുറിക്കേസില്‍ റവന്യൂവകുപ്പ് ഒരു നടപടിയും ആരംഭിച്ചിട്ടില്ല. 2021 ജൂണില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വകുപ്പിന്റെ മെല്ലപ്പോക്ക്. പൊലീസിന്റെ പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നുണ്ട് എന്നു പറഞ്ഞാണ് റവന്യൂ വകുപ്പ് കൈയൊഴിയുന്നത്. റവന്യൂ വകുപ്പ് കെഎല്‍സി നിയമപ്രകാരം നടപടി സ്വീകരിച്ചാല്‍ മരം മുറിക്കേസ് പ്രതികള്‍ കടുത്ത നിയമനടപടി നേരിടേണ്ടിവരും ഇതൊഴിവാക്കാനാണ് റവന്യൂവകുപ്പ് ശ്രമിക്കുന്നത്.

അതേസമയം, മുട്ടില്‍ മരം മുറിക്കേസില്‍ ഭൂഉടമകളുടെ പേരില്‍ ഉണ്ടാക്കിയ അനുമതിക്കത്തുകളെല്ലാം വ്യാജമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. മരം മുറിക്കുന്നതിനായി വില്ലേജ് ഓഫീസില്‍ നല്‍കിയ അപേക്ഷകളാണ ്വ്യാജമായി ഉണ്ടാക്കിയതെന്ന് കണ്ടെത്തിയത്. വില്ലേജ് ഓഫീസില്‍ നല്‍കിയ എഴുകത്തുകളും പ്രതി റോജ്ി അഗസ്റ്റിന്റെ കൈപ്പടയില്‍ ഉള്ളതാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

പട്ടയ ഭൂമിയില്‍ നട്ടുവളര്‍ത്തിയതും വളര്‍ന്നുവന്നതുമായ മരങ്ങള്‍ ഭൂഉടമകള്‍ക്ക് മുറിച്ച് മാറ്റാന്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ മറവിലായിരുന്നു വയനാട്ടിലെ വന്‍ മരംകൊള്ള. മുട്ടിലാണ് ആദിവാസി ഭൂമിയില്‍ നിന്നുപോലും ആന്റോ- റോജി ജോസ് കുട്ടി അഗസ്റ്റിന്‍ സഹോദരന്‍മാര്‍ 104 മരങ്ങള്‍ മുറിച്ചു കടത്തിയത്.ഇവരുടെ സഹായികള്‍ ഭൂഉടമകള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 13 പേര്‍ക്കെതിരായാണ് താനൂര്‍ ഡിവൈഎസ്പി വി.വി.ബെന്നി് അന്വേഷണം നടത്തുന്നത്. മരം മുറിക്കേസില്‍ പ്രത്യേക സംഘം അന്വേഷിക്കുന്ന 19 കേസില്‍ ഏഴു കേസില്‍ ഇതിനകം കുറ്റപത്രം നല്‍കി.

ഏറ്റവും വലിയ തട്ടിപ്പ് നടത്തിയ മുട്ടില്‍ മരംമുറിയിലാണ് ഇനി കുറ്റപത്രം സമര്‍പ്പിക്കേണ്ടത്. 300 വര്‍ഷത്തിന് മുകളില്‍ ഉള്ള 12 മരങ്ങളും 400 വര്‍ഷത്തിന് മുകളില്‍ ഉളള 9 മരങ്ങളും, 500 വര്‍ഷം പഴക്കമുള്ള മൂന്ന് മരങ്ങളും മുറിച്ച് മാറ്റിയവയില്‍ ഉണ്ടായിരുന്നുവെന്നാണ് അന്വേണ സംഘം കണ്ടെത്തിയത്.ഭൂപരിഷ്‌ക്കരണ നിയമം വന്ന ശേഷം പട്ടയഭൂമിയില്‍ നിന്നും മരംമുറിക്കാനുള്ള അനുമതിയുണ്ടെന്ന പ്രതികളുടെ വാദത്തെ തള്ളുന്നതാണ് മരങ്ങളുടെ ഈ ഡി എന്‍ എ റിപ്പോര്‍ട്ട്.